കൊല്ലം: വെള്ളാനത്തുരുത്ത് ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ കാട്ടിൽകടവ് ഭാഗത്താണ് അയണിവേലികുളങ്ങര ഇടപ്പുരയിൽ സത്യശീലന്റെ മകൻ കൃഷ്ണ. ആർ.സത്യന്റെ മൃതദേഹം കണ്ടെത്തിയത്.

കാണാതായവരിൽ ഒരാളായ ഇർഫാന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. വെളിച്ചക്കുറവ് കാരണം തെരച്ചിൽ നിർത്തിവെച്ചതിനാൽ ഇർഫാനൊപ്പം തിരയിൽപെട്ട കൃഷ്ണ ആർ. സത്യന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ തുടരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലീസെത്തി മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവയുടെ ബോട്ടുകളാണ് തിരച്ചിൽ നടത്തിവന്നത്. ഇർഫാന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് ചൊവ്വാഴ്ച തന്നെ മാറ്റിയിരുന്നു.