ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് നിന്നും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും രണ്ടാംപ്രതിയായ എറണാകുളം കാവക്കാട് വലിയപാറയിൽ വടക്കേടത്ത് വിഷ്ണു (26)വും ആണ് പിടിയിലായത്. രണ്ടാംപ്രതി അടുത്തകാലത്ത് മറ്റൊരു പോക്‌സോ കേസിൽ റിമാൻഡിലായിരുന്നു.

തൃക്കൊടിത്താനം സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഫോണിലൂടെ പരിചയപ്പെട്ട ഒന്നാം പ്രതി രണ്ടാം പ്രതിയായ വിഷ്ണുവിന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതും ഇരുവരും ചേർന്ന് പീഡിപ്പിച്ചതും. വിദ്യാർത്ഥിനിയെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി രണ്ടാം പ്രതി വിഷ്ണുവിന്റെ സഹായത്തോടെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. തൃക്കൊടിത്താനം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവാഴ്ച ഏറ്റുമാനൂരിൽ വിദ്യാർത്ഥിനിയെ കണ്ടെത്തി. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഒന്നും രണ്ടും പ്രതികളെ ഏറ്റുമാനൂരിൽനിന്നുതന്നെ പിടികൂടി. മൂന്ന് ജില്ലകളിലൂടെ ഇവർ കറങ്ങിയതായി പൊലീസ് പറഞ്ഞു.

ചങ്ങനാശ്ശേരി ഡിവൈ.എസ്‌പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം സിഐ. ഇ.അജീബ്, എസ്‌ഐ. അഖിൽ ദേവ്, എഎസ്ഐ.മാരായ സാഞ്ചോ, സാബു, സി.പി.ഒ. ലാലു എന്നിവരാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.