- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈശവ വിവാഹങ്ങൾ നടന്നാൽ വേദികളുടെ ലൈസൻസ് റദ്ദാക്കും; ഓഡിറ്റോറിയം അധികൃതർ വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖകൾ ചോദിച്ച് വാങ്ങണം
തിരുവനന്തപുരം: ശൈശവ വിവാഹത്തിനെതിരെ കർശന നടപടികളുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. ശൈശവ വിവാഹം നടത്തുന്ന വേദികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കടുപ്പിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വിവാഹത്തിനു ശേഷം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനെക്കാൾ നടക്കുന്നതിന് മുമ്പുതന്നെ അവ നിയമാനുസൃതമായി തടയാനാണ് ശ്രമം.
വിവാഹം ബുക്ക് ചെയ്യാനെത്തുന്നവരോട് വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖ ഓഡിറ്റോറിയങ്ങളുടെ അധികൃതർ ആവശ്യപ്പെടണമെന്നും ഇവ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയ വേദികളിൽ ശൈശവ വിവാഹം നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേരള പഞ്ചായത്തീ രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനമായി കണക്കാക്കി ലൈസൻസ് റദ്ദാക്കണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. മറ്റു നിയമനടപടികളും സ്വീകരിക്കും.
വധുവിനോ വരനോ പ്രായപൂർത്തിയാകാത്തതായി ശ്രദ്ധയിൽപ്പെട്ടാൽ വിവാഹത്തിനു മുമ്പുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം നൽകണം. വേദി നൽകരുത്. വിവരങ്ങൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ ശൈശവ വിവാഹ നിരോധന ഓഫീസർമാർ വിവാഹം തടയാനുള്ള നടപടി സ്വീകരിക്കണം. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്കാണ് നിരീക്ഷണ ചുമതല. വിവാഹം കഴിഞ്ഞതിന് ശേഷം ശൈശവ വിവാഹമാണെന്ന് തെളിഞ്ഞാലും വിവാഹം നടന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയുണ്ടാകും.