ആറ്റിങ്ങൽ: വിവാഹദിനത്തിൽ ഭർതൃഗൃഹത്തിൽ നിന്നു വധുവിന്റെ 40 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണു നഷ്ടപ്പെട്ടത്. വിവാഹ ദിനത്തിൽ വൈകിട്ടാണ് സംഭവം.

ബുധനാഴ്ചയായിരുന്നു മിഥുന്റെയും മിജയുടെയും വിവാഹം. വിവാഹ ശേഷം വീട്ടിലെത്തി സ്വർണം എല്ലാം അഴിച്ചു വെച്ചു. വൈകിട്ട് മാമത്തുള്ള കൺവൻഷൻ സെന്ററിൽ വിവാഹ സൽക്കാരത്തിനായി വധൂവരന്മാർ ഉൾപ്പെടെ വീട്ടുകാർ പോയ സമയത്തായിരുന്നു കവർച്ച.

സമ്മാനമായി ലഭിച്ച 40 പവനോളം സ്വർണം വീട്ടിൽ സൂക്ഷിച്ചു വച്ചിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോൾ അടുക്കള വശത്തെ വാതിൽ തുറന്നു കിടന്നിരുന്നു. അലമാരയും പൊളിച്ചിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.