- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും വാക്സിനേഷൻ നടത്തിയിട്ടും നാലാം തരംഗത്തിന് ഇസ്രയേലിൽ തുടക്കം; ഇറാനിലും ഫ്രാൻസിലുമൊക്കെ ഇനിയും ആയിരങ്ങൾ മരിച്ചു വീഴും; വാക്സിനെക്കൊണ്ടു മാത്രം കോവിഡിനെ തടയുവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി ലോകം
ഇതുകൊണ്ടൊന്നും നിങ്ങൾക്കെന്നെ തോൽപ്പിക്കാനാവില്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് കൊറോണയെന്ന കുഞ്ഞൻ വൈറസ്.
വാക്സിനേഷൻ കാര്യത്തിൽ ഏറ്റവും വേഗത്തിൽ പ്രവർത്തിച്ച് ഏതാണ്ട് എല്ലാ പൗരന്മാർക്കും വാക്സിന്റെ രണ്ടു ഡോസുകളും നൽകിയ ഇസ്രയേലിൽ കോവിഡിന്റെ നാലാം തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിരിക്കുന്നു. അതിനൊപ്പം ഫ്രാൻസ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് നാലാം തരംഗത്തിന്റെ അലയടികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു.
പ്രവചനങ്ങൾക്ക് അതീതമായ ഭീകരതയോടെയായിരിക്കും നാലാം തരംഗമെത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം ഡോസ് നൽകി ആറുമാസം കഴിഞ്ഞതോടെ വാക്സിന്റെ പ്രതിരോധശേഷി കുറയുവാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഇസ്രയേലിൽ നിന്നുള്ള ഒരു ആരോഗ്യ വിദഗ്ദൻ പറയുന്നത്. അതോടൊപ്പം അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം കൂടി എത്തിയതോടെ കാര്യങ്ങൽ കുഴഞ്ഞുമറിഞ്ഞു. ഏതയാലും അതിവേഗത്തിൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകാനുള്ള പദ്ധതി ഇസ്രയേൽ തയ്യാറാക്കികഴിഞ്ഞു.
വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ കൂടി വാക്സിൻ എടുക്കാൻ നിർബന്ധിതരാക്കണമെന്നും അതുപോലെ, രണ്ടു ഡോസുകളും എടുത്ത് ആറുമാസം കഴിഞ്ഞവർക്ക് എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് നൽകണമെന്നുമാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ പറയുന്നത്. ഇത് ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ മറ്റൊരു തരംഗം ഉണ്ടാകുന്നത് തടയുവാൻ ഒരു പരിധിവരെ സഹായിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ, ഇതുകൊണ്ടു മാത്രം കോവിഡിനെ പൂർണ്ണമായുംതടഞ്ഞു നിർത്താനാവില്ലെന്നും അവർ സമ്മതിക്കുന്നു.
ആഴ്‌ച്ചകൾക്ക് മുൻപ് തന്നെ ഇസ്രയേലിലെ ആരോഗ്യ വിദഗ്ദർ ബൂസ്റ്റർ ഡോസ് അത്യാവശ്യമായി നൽകേണ്ടതിനെ കുറിച്ച് സംസാരിച്ചിരുന്നു. നിർഭാഗ്യവശാൽ അത് നടന്നില്ല. ഇപ്പോൾ രോഗവ്യാപനം ശക്തിപ്രാപിക്കുന്നു എന്നാണ് ഇസ്രയേലിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ പ്രതിദിനം 10,000 പേർക്ക് വരെ രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ച് 9,000 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
രോഗവ്യാപനത്തിലുണ്ടാകുന്ന വർദ്ധനവ് സ്വാഭാവികമായും മരണനിരക്കും വർദ്ധിപ്പിക്കും. ചുരുക്കത്തിൽ നാലാം തരംഗം പ്രതീക്ഷിച്ചതിലും ഭീകരമാകുമെന്ന് അർത്ഥം. വാക്സിൻ എടുക്കാതെ ഒഴിഞ്ഞു നിന്നവരാണ് യഥാർത്ഥത്തിൽ നാലാം തരംഗത്തിനു കാരണം. എന്നിരുന്നാലും, വാക്സിൻ എടുത്തവരേയും ഇത് ബാധിക്കുന്നുണ്ട്.
അതുപോലെ ലോകത്തിന്റെ പലഭാഗങ്ങളിലും ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസുകൾ ഉണ്ടാകുന്നതും ആശങ്കയുണർത്തുന്നുണ്ട്. നിലവിലെ വകഭേദങ്ങളെ എല്ലാം തന്നെ വാക്സിൻ കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാം. എന്നാൽ, ഭാവിയിൽ വാക്സിനെ നിഷ്പ്രഭമാക്കുന്ന ഇനങ്ങൾ വന്നുകൂടായ്കയില്ല.