ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) : ഹൂസ്റ്റണിൽ മലയാളികൾ ധാരാളമായി തിങ്ങി പാർക്കുന്ന ഹാരിസ് കൗണ്ടിയിൽ പുതുതായി കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് പ്രഖ്യാപിച്ചു കൗണ്ടി ജഡ്ജി ലിന ഹിഡൽഗോ

ഓഗസ്റ്റ് 17 ചൊവ്വാഴ്ചയാണ് ഈ പുതിയ ഉത്തരവ് ജഡ്ജി പുറപ്പെടുവിച്ചത് , ഓഗസ്റ്റ് 31 വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുക . ഇതനുസരിച്ച് കോവിഡ് വാക്സിൻ ഫസ്റ്റ് ഡോസ് സ്വീകരിക്കുന്നവർക്ക് 100 ഡോളറിന് അർഹത ലഭിക്കും . ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തിലൂടെ വാക്സിൻ സ്വീകരിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക . അമേരിക്കൻ റസ്‌ക്യൂ പ്ലാൻ അനുസരിച്ച് ഹാരിസ് കൗണ്ടിക്ക് ഫെഡറൽ ഫണ്ടായി ലഭിച്ച 900 മില്യൺ ഡോളറിൽ നിന്നും 2.3 മില്യൺ ഡോളറാണ് ഇൻസെന്റീവിനായി മാറ്റി വച്ചിരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു .

വാക്സിൻ സ്വീകരിക്കാതെ മാറി നിൽക്കുന്നവർക്ക് ഇത് പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു . പ്രീപെയ്ഡ് കാർഡ് ആയിട്ടാണ് 100 ഡോളർ നൽകുന്നത് .

ഹൂസ്റ്റണിൽ കോവിഡ്- 19 വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകി കോവിഡിനെ പ്രതിരോധിക്കുന്നതിനാണ് കൗണ്ടി ശ്രമിക്കുന്നത് . സൗത്ത് വെസ്റ്റ് ടെക്സസ് റീജിയണൽ അഡൈ്വസറി കൗൺസിലിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 300 ശതമാനം വർദ്ധനവാണ് കോവിഡ് കേസ്സുകളിൽ ഉണ്ടായിരിക്കുന്നത് . ഹാരിസ് കൗണ്ടിയിലെ അർഹരായ 57 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സിൻ ഇതിനകം ലഭിച്ചു കഴിഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു .