ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഡൽഹിയിൽ ആഴ്ചകളായി കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

കോവിഡിനെ തുടർന്ന് രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുവദിച്ചിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ഈ സമയപരിധി നീക്കി. തിങ്കളാഴ്ച മുതൽ മാർക്കറ്റുകൾക്ക് സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഫലത്തിൽ ലോക്ഡൗൺ അവസാനിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ 430 പേർ മാത്രമാണ് ഡൽഹിയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.