പെരിയ: കേന്ദ്ര സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ എസ്.ഗോപിനാഥിനെ സർവീസിൽനിന്ന് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. 2017-ലാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടാരോപിച്ച് ഗോപിനാഥിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. തുടർന്ന് 2019 ഒക്ടോബറിൽ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പിരിച്ചുവിട്ടു. 2015-ൽ സെക്യൂരിറ്റി ഏജൻസി കരാറുമായി ബന്ധപ്പെട്ടും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഈ സസ്‌പെൻഷനിൽ തുടരുമ്പോഴായിരുന്നു രണ്ടാമതും സസ്‌പെൻഡ് ചെയ്ത് പിരിച്ചുവിട്ടത്. ഈ നടപടി ഹൈക്കോടതി സിങ്കിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിലാണ് സർവകലാശാലയുടെ പിരിച്ചുവിടൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സർവകലാശാല നിയോഗിച്ച അന്വേഷണകമ്മിഷന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല. വിരമിക്കൽ പ്രായം കഴിഞ്ഞതിനാൽ ഗോപിനാഥിന് തിരിച്ച് സർവീസിൽ പ്രവേശിക്കാനാകില്ല. എന്നാൽ, അദ്ദേഹത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും മൂന്നുമാസത്തിനുള്ളിൽ നൽകണമെന്ന് കോടതി സർവകലാശാലയോട് നിർദേശിച്ചു.