കല്പകഞ്ചേരി: പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡിലെ ദുരിത ജീവിതത്തിൽ നന്നും വാസുവിനും കുടുംബത്തിനും മോചനം നൽകി തോഴന്നൂർ കുണ്ടൻചിന മഹല്ല് കമ്മിറ്റി. അപ്രതീക്ഷിതമായി കിട്ടിയ ഓണസമ്മാനത്തിന്റെ സന്തോഷത്തിലാണ് വാസുവും ഭാര്യയും മകളും അടങ്ങിയ കുടുംബം. മഹല്ല് നിവാസികൾ വാസുവിനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കണ്ടപ്പോൾ മനോഹരമായ ഒരു വീട് വെച്ച് നൽകുകയായിരുന്നു.

ശാരീരികവൈകല്യമുള്ള വാസുവിന് അധ്വാനിക്കാൻ ശേഷിയില്ല. വീടുകളിൽ ജോലിചെയ്ത് ഭാര്യയാണ് കുടുംബം പോറ്റുന്നത്. അതുകൊണ്ട് തന്നെ വീട് എന്നത് ഇവർക്ക് ഒരു സ്വപ്‌നം മാത്രമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മഹല്ല് കമ്മറ്റ് മുന്നോട്ട് വന്നതും വാസുവിന് വീട് വെച്ച് നൽകിയതും. 10 ലക്ഷം രൂപ ചെലവിൽ ഒൻപതുമാസം കൊണ്ടാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവൻ മഹല്ല് നിവാസികളും ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ശാരീരികമായും സാമ്പത്തികമായും ഇവർ സഹായങ്ങളുമായി മുന്നിൽനിന്നു.

മഹല്ല് ഭാരവാഹികളായ നെടുവഞ്ചേരി കുഞ്ഞിപ്പ, എം.സി കുഞ്ഞൻ, എം.സി. മാനു, ഹംസ ഹാജി, നാസർ ചോലക്കൽ, കല്ലൻ കുഞ്ഞിപ്പ, ചെമ്പൻ ഹമീദ് തുടങ്ങിയവർ വീടുനിർമ്മാണത്തിന് നേതൃത്വംനൽകി.

ഈമാസം 25-ന് വൈകുന്നേരം അഞ്ചുമണിക്ക് ഈ സ്‌നേഹഭവനം മഹല്ല് ഖാളി കുഞ്ഞിമോൻ തങ്ങളുടെ സാന്നിധ്യത്തിൽ തിരൂർ സബ്കളക്ടർ സൂരജ് ഷാജി കുടുംബത്തിനു കൈമാറുകയാണ്. ഈ കൊറോണ പ്രതിസന്ധിക്കിടയിലും വളരെ വേഗംതന്നെ വീടുനിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുണ്ടംചിന മഹല്ല് കമ്മിറ്റിയും മഹല്ല് നിവാസികളും.