- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചു വയസ്സുകാരനെ ഇടിച്ചുവീഴ്ത്തി; പരിക്ക് ഗുരുതരമാണെന്ന് കണ്ടപ്പോൾ കുട്ടിയെ ആശുപത്രിയിലാക്കാതെ കടന്നു കളഞ്ഞു: 'ഇന്നോവ ക്രിസ്റ്റ'യുടെ ഉടമയെ തേടി പൊലീസ്
തൃശൂർ: പതിനഞ്ചു വയസ്സുകാരനെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും ശ്രമിക്കാതെ സംഭവ സ്ഥലത്തു നിന്നും മുങ്ങിയ കാർ ഉടമയെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടം നടന്ന സ്ഥലത്തിനരികെ ആശുപത്രിയുണ്ടായിട്ടും കുട്ടിയെ രക്ഷിക്കാൻ മനസ്സു കാണിക്കാത്ത ഡ്രൈവർക്ക് തക്ക ശിക്ഷ വാങ്ങി നൽകാനാണ് പൊലീസിന്റെ ശ്രമം.
ദയ ആശുപത്രിക്കു സമീപം വിയ്യൂർ പാലത്തിൽ ഏതാനും ദിവസം മുൻപ് രാത്രി പത്ത് മണിയോടെയാണ് അപകടം. സൈക്കിളിൽ സഞ്ചരിച്ച പതിനഞ്ചു വയസ്സുകാരനെ ഇടിച്ചുവീഴ്‌ത്തിയിട്ടും രക്ഷിക്കാതെ കടന്നുകളയുകയായിരുന്നു കാർ ഡ്രൈവർ. കയ്യിലും കാലിലും തലയിലും ഗുരുതരമായി പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പാലത്തിലൂടെ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നിൽ വാൻ ഇടിക്കുക ആയിരുന്നു. നിയന്ത്രണം വിട്ടു സമീപത്തെ മുന്നറിയിപ്പു ബോർഡും തകർത്ത ശേഷമാണു വണ്ടി നിന്നത്.
ഡ്രൈവർ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ, പരുക്കു ഗുരുതരമാണെന്നു കണ്ടപ്പോൾ ഉടൻ തിരിച്ചു വാനിൽ കയറി സ്ഥലം വിടുകയാണു ചെയ്തത്. 300 മീറ്ററകലെ ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. തെളിവായി ശേഷിക്കുന്നത് വണ്ടിയിൽ നിന്ന് അടർന്നുവീണ ബംപറിന്റെ തുമ്പ്.
വാഹനം ചാര നിറത്തിലുള്ള 'ഇന്നോവ ക്രിസ്റ്റ' ആണെന്നു തിരിച്ചറിഞ്ഞതോടെ വിയ്യൂർ പൊലീസ് തിരച്ചിൽ ശക്തമാക്കി. സംഭവസ്ഥലത്തു നിന്നു വടക്കാഞ്ചേരി ഭാഗത്തേക്കു പോയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾക്കായി ടോൾ പ്ലാസകളിലെയും ജില്ലാ അതിർത്തികളിലെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.