ദുബൈക്ക് പിന്നാലെ യു എ ഇയിൽ മറ്റു എമിറേറ്റുകളും വിദേശികൾക്ക് പ്രവേശ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. ഐ സി എ അനുമതിയുണ്ടെങ്കിൽ യു എ ഇ താമസ വിസക്കാരനാണെങ്കിൽ ആറ് മാസത്തിൽ അധികം നാട്ടിലുള്ളവർക്കും യു എ ഇയിൽ എത്താം.

ദുബൈ ഏതാനും ദിവസങ്ങൾക്കകം ഇന്ത്യക്കാർക്ക് സന്ദർശക വിസ അനുവദിക്കും. വേറെ രാജ്യങ്ങൾ വഴി യു എ ഇയിലെത്താൻ ഇന്ത്യക്കാർക്ക് സന്ദർശക വിസ നൽകിവരുന്നു. ട്രാൻസിറ്റ് രാജ്യത്തു 14 ദിവസത്തെ ക്വാറന്റൈനാണ് നിബന്ധന.

നാട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് ഐ സി എ അനുമതി നേടിയാൽ മതി. ദുബൈ വിസക്കാരാണെങ്കിൽ ജി ഡി ആർ എഫ് എ അനുമതിയാണ് വേണ്ടത്. താമസവിസാ കാലാവധിയുള്ളവരും അനുമതി നേടണം. ഈ രേഖയാണ് യു എ ഇ പ്രവേശത്തിന് അടിസ്ഥാന രേഖയായി കണക്കാക്കുന്നത്.

ഇതിനിടെ വിദേശത്ത് കുടുങ്ങിയവരുടെ താമസ വിസ കാലാവധി ദുബൈ നീട്ടി. 2021 നവംബർ പത്ത് വരെയാണ് നീട്ടിയത്. 2021 ഏപ്രിൽ 20നും 2021 നവംബർ ഒന്പതിനും ഇടയിൽ കാലഹരണപ്പെട്ടതോ കാലഹരണപ്പെടുന്നതോ ആയ യു എ ഇ താമസ വിസകൾക്ക് ഇത് ബാധകമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് (ജി ഡി ആർ എഫ് എ)അറിയിച്ചതാണിത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കു സൗകര്യം ഉപയോഗപ്പെടുത്താം.