മസ്‌കത്ത് : രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്ന് ഉച്ച 12 മുതൽ പ്രവേശനാനുമതി ലഭ്യമാകും. ഇത് സംബന്ധിച്ച് പുതിയ പ്രവേശന നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. റെസിഡന്റ് വിസക്കാർക്ക് പുറമെ ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്കും ഒമാനിലേക്ക് പ്രവേശനാനുമതി ലഭിക്കും.

വാക്‌സിനേഷന് ഒപ്പം യാത്രക്ക് മുമ്പുള്ള നെഗറ്റിവ് പി.സി.ആർ പരിശോധനാ ഫലം കൈവശമുള്ളവരെ നിർബന്ധിത സമ്പർക്കവിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ ഒമാനിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്ക് വിധേയമാകേണ്ടത്. ഇവർക്ക് ഒമാനിലെത്തിയശേഷം പി.സി.ആർ പരിശോധന ഉണ്ടാകില്ല. നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റിൽ പരിശോധനാസമയം വ്യക്തമാക്കുന്ന ക്യൂ.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പി.സി.ആർ പരിശോധനാഫലമില്ലാതെ വരുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകും. ഇവർക്ക് നിർബന്ധിത സമ്പർക്കവിലക്കും ബാധകമായിരിക്കും. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റിവ് ആകുന്നപക്ഷം 10 ദിവസത്തെ സമ്പർക്കവിലക്ക് ഉണ്ടായിരിക്കും.

ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് പിൻ വലിക്കാത്തതിനാൽ കഴിഞ്ഞ വർഷം നവംബറിൽ നിലവിൽവന്ന എയർ ബബിൾ കരാർ ആയിരിക്കും സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ഒമാൻ എയറും സലാം എയറും എയർ ഇന്ത്യ എക്സ്‌പ്രസുമാണ് ഇന്ത്യയിലേക്കും തിരിച്ചും സർവിസ് നടത്തുന്നത്.<