- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് റോഡരികിൽ മരിച്ച നിലയിൽ; അച്ഛൻ മരിച്ചതറിയാതെ രാത്രി മുഴുവൻ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞ് തളർന്ന് മൂന്ന് വയസ്സുള്ള ഇരട്ടകൾ: ദാരുണ സംഭവം പുറത്തറിയുന്നത് പുലർച്ചെ പത്രവിതരണക്കാരനെത്തിയപ്പോൾ: ജിതിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: റിസോർട്ടിൽ താമസിക്കാനെത്തിയ യുവാവിനെ റിസോർട്ടിനു പുറത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവ് മരിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സു മാത്രമുള്ള മക്കളായ ഇരട്ട കുട്ടികൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു ഏങ്ങിക്കരഞ്ഞു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.
കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. പിതാവ് ജോർജ് വിദേശത്താണ്. കുട്ടികൾ രണ്ടും അച്ഛനെ വിളിച്ച് ഏങ്ങി കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരമെന്ന് പത്രവിതരണത്തിനെത്തിയ രാധാകൃഷ്ണൻ പറഞ്ഞു. റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. കോളിങ് ബെൽ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചിട്ട് മൂന്നു മണിക്കൂറിലേറെ പിന്നിട്ടിരുന്നു.
ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം ആറ് ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. ഇവർ കുടുംബമായി ഇവിടെ എത്തുക പതിവുണ്ട്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ജിതിന്റെ ഭാര്യ. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
ജിതിൻ മക്കൾക്കൊപ്പം കാക്കനാട്ടെ വീട്ടിലാണ് താമസം. ഈ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്. ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലായിരുന്നു താമസം.
ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്‌മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും.
മറുനാടന് മലയാളി ബ്യൂറോ