ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ ബെംഗളൂരുവിൽ യുവാവ് ഭാര്യയെ അടിച്ചു കൊന്നു. 30-കാരനായ മുബാറക് പാഷയുടെ ഭാര്യ ഷിറിൻ ഭാനുവാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്ന കുറ്റത്തിന് മുബാറക് പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിൻ ഭാനുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം ചിക്കബനവര തടാകത്തിൽ ഉപേക്ഷിക്കുക ആയിരുന്നു.

മകളെ കാണാതായതോടെ ഷിറിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച അദ്ദേഹം തന്നെ സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതം നടത്തി. ഓഗസ്റ്റ് 18നാണ് കൊലപാതകം നടന്നത്. ജോലിക്ക് പോയ സമയത്ത് രാത്രി കഴിക്കാനായി ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ ചിക്കൻ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല.

ഭാര്യയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തുടർന്ന് കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നു. ഭാര്യയുടെ മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നും മുബാറക് പൊലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

കിടക്ക നിർമ്മാണ തൊഴിലായിരുന്നു മുബാറക് നിസ്സാര കാര്യങ്ങളുടെ പേരിൽ ഭാര്യയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് ഷിറിൻ പരാതിപ്പെട്ടിരുന്നു. മാതാപിതാക്കൾ ഇതേക്കുറിച്ച് ഇയാളുമായി സംസാരിക്കുകയും ചെയ്തിരുന്നു.