കടൽ തീരത്ത് സ്വസ്തമായി യോഗ ചെയ്യാനെത്തിയതായിരുന്നു യോഗാ പരിശീലകയായ യുവതി. ശാന്തമായ ബഹമാസിലെ കടൽത്തീരത്ത് യോഗ ചെയ്യുന്നതിടയിൽ യുവതിയുടെ കൈയിൽ കടിക്കുന്ന ഇഗ്വാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കൈകൾ പിന്നോട്ടാക്കി യോഗ ചെയ്യുന്നതിനിടയിൽ സമീപത്തെത്തിയ ഇഗ്വാന യുവതിയുടെ വിരലിൽ കടിക്കുകയായിരുന്നു. തന്നെ കടിച്ച ഇഗ്വാനയെ മണൽ വാരിയെറിഞ്ഞ് യുവതി ഓടിക്കുന്നതും ദൃശ്യത്തിൽ കാണാം. യുവതി പങ്കുവച്ച് മറ്റൊരു വിഡിയോയിൽ ധാരാളം ഇഗ്വാനകൾ കടൽത്തീരത്തുകൂടി വിഹരിക്കുന്നത് കാണാം. ബീച്ചിലെത്തുന്നവർ പതിവായി ഇഗ്വാനകൾക്ക് ഭക്ഷണം നൽകാറുണ്ട്. ഭക്ഷണമെന്നു കരുതിയാകാം യുവതിയുടെ കൈയിൽ ഇഗ്വാന കടിച്ചതെന്നാണ് നിഗമനം.

ഇഗ്വാനയുടെ കൂർത്ത പല്ലുകൾ കൊണ്ടുള്ള കടിയേറ്റ് യുവതി അലറി കരഞ്ഞു. വിരൽ ചെറുതായി മുറിയുകയും ചെയ്തു. ഉടൻ തന്നെ യുവതി ചികിത്സ തേടിയിരുന്നു. ബഹമാഹൂപ്യോഗി എന്ന ട്വിറ്റർ പേജിലാണ് വെള്ളിയാഴ്ച ഈ ദൃശ്യം പങ്കുവച്ചത്. പെട്ടെന്നു തന്നെ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ജനശ്രദ്ധ നേടി. മുപ്പത്തഞ്ച് ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ ദിവസംകൊണ്ട് ഈ വിഡിയോ കണ്ടത്.