വാക്സിന്റെ ആദ്യ ഡോസ് തന്നെ പൂർത്തിയാക്കാൻ നമ്മൾ ബുദ്ധിമുട്ടുമ്പോൾ ഇസ്രയേലിൽ 60 കഴിഞ്ഞവരിൽ 50 ശതമാനം പേർക്ക് വാക്സിന്റെ മൂന്നാം ഡോസും (ബൂസ്റ്റർ ഡോസ് ) ലഭിച്ചു കഴിഞ്ഞു. ഇതോടെ ഇസ്രയേലിലെ വൈറസിന്റെ വ്യാപന നിരക്ക് താഴ്ന്ന് 1 ൽ താഴെയായി എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. വൈറസ് എത്ര വേഗത്തിൽ വ്യാപിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ആർ നിരക്ക് കുറഞ്ഞത്, ബൂസ്റ്റർ ഡോസ് നൽകുന്ന പദ്ധതി ഫലം കാണുന്നു എന്നുതന്നെയാണ് തെളിയിക്കുന്നത്.

ലോകത്തിൽ 60 വയസ്സു കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസു നൽകുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് ഇസ്രയേലിലാണ്. അവർ അതിൽ അമ്പത് ശതമാനത്തോളം വിജയം കാണുകയും ചെയ്തിരിക്കുന്നു. ഇന്നുമുതൽ 40 വയസ്സു കഴിഞ്ഞവരിലേക്കും ഈ പദ്ധതി നീട്ടുകയാണിവിടെ. അതിനോടൊപ്പം അദ്ധ്യാപകർ, മെഡിക്ക്സ്, കെയറർ എന്നിവർക്കും ഇത് നൽകും. 60 വയസ്സിനു മുലളിലുള്ളവരിലെ രോഗവ്യാപനം ഇപ്പോഴും ഉയർന്ന തോതിൽ തന്നെ നിൽക്കുമ്പോഴും വർദ്ധനവിന്റെ വേഗത കാര്യമായി കുറഞ്ഞെന്ന് ഇസ്രയേൽ സർക്കാരിന്റെ ഉപദേഷ്ടാവും ഡാറ്റാ ശാസ്ത്രജ്ഞനുമായ പ്രൊഫസർ എറാൻ സേഗാൽ പറയുന്നു.

ജൂണിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിൽ പിന്നെ ഇസ്രയേലിൽ രോഗവ്യാപനം ക്രമാതീതമായി വർദ്ധിച്ചു വന്നിരുന്നെങ്കിലും ഇപ്പോൾ അത് കുറയുവാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ പേർക്ക് മൂന്നാം ഡോസ് നൽകിക്കഴിയുന്നതോടെ രോഗത്തെ പൂർണ്ണമായും പിടിച്ചുകെട്ടാനാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതുവരെ പത്തുലക്ഷത്തിൽ അധികം പേർക്ക് മൂന്നാം ഡോസ് ലഭിച്ചുകഴിഞ്ഞു.

രാജ്യം അടച്ചിട്ടും കോവിഡ് പകരുന്ന ന്യുസിലാൻഡ്

കോവിഡിനെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗമായിട്ടായിരുന്നു ലോകരാജ്യങ്ങൾ ലോക്ക്ഡൗണിനെ കണ്ടിരുന്നത്. എന്നാൽ, ന്യുസിലാൻഡിൽ ഇത് പരാജയപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മറ്റെവിടത്തേക്കാൾ കർശനമായ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടും ന്യുസിലാൻഡിൽ കോവിഡ് വ്യാപനം ശക്തിപ്രാപിക്കുകയാണ്. ഇതോടെ ഡെൽറ്റാ വകഭേദത്തെ തികച്ചും പുതിയൊരു വൈറസ്സായി കണ്ട് കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തി.

നേരത്തേ എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ കർശനമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണിന്റെ നടപടി കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യമുള്ളപ്പോൾ ലോക്ക്ഡൗണിലൂടെ കോവിഡ് മുക്ത രാജ്യം എന്നത് കേവലം ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.