ചെന്നൈ, ഓഗസ്റ്റ് 24: ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൂറിലേറെ അംഗീകൃത യു.എസ്. സർവ്വകലാശാലകളുമായും അവരുടെ പ്രതിനിധികളുമായും വിവിധ കോഴ്സുകളെക്കുറിച്ചും പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും ആശയവിനിമയത്തിന് അവസരമൊരുക്കിക്കൊണ്ട് എജ്യുക്കേഷൻ യു.എസ്.എ. രണ്ട് വെർച്വൽ വിദ്യാഭാസ മേളകൾ ഓഗസ്റ്റ് 27നും സെപ്റ്റംബർ 3നും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തങ്ങളുടെ വീടുകളിൽ ഇരുന്ന് തന്നെ അമേരിക്കൻ ക്യാംപസ് ജീവിതം, വിദ്യാഭ്യാസ ധനസഹായം, അപേക്ഷ നൽകേണ്ട രീതികൾ, കോവിഡ് കാലത്ത് അമേരിക്കൻ സർവ്വകലാശാലകൾ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും ഈ മേളകളിലൂടെ അറിയാം.

അണ്ടർഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ തലങ്ങളിൽ വിവിധ കോഴ്സുകൾ നടത്തുന്ന അമേരിക്കയിലെ പലയിടങ്ങളിൽ നിന്നുള്ള നൂറിലേറെ സർവ്വകലാശാലകൾ ഈ വെർച്വൽ മേളകളിൽ പങ്കെടുക്കും. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കില്ല.

അമേരിക്കയിൽ മാസ്റ്റേഴ്‌സ്, പിഎച്ച്. ഡി പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി യു.എസ്. യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് വെർച്വൽ മേള ഓഗസ്റ്റ് 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ 10.30 വരെയാണ് എജ്യുക്കേഷൻ യു.എസ്.എ. സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം: https://bit.ly/EdUSAFair21EmbWeb

അമേരിക്കയിൽ അസോസിയേറ്റ്സ് അഥവാ ബിരുദ പ്രോഗ്രാമുകളിൽ ചേരാൻ താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 3 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ 10.30 വരെ എജ്യുക്കേഷൻ യു.എസ്.എ. നടത്തുന്ന യു.എസ്. യൂണിവേഴ്സിറ്റി അണ്ടർഗ്രാജ്വേറ്റ് വെർച്വൽ മേളയിൽ പങ്കെടുക്കാം. രജിസ്ട്രേഷനുള്ള ലിങ്ക്: https://bit.ly/UGEdUSAFair21EmbWeb

ഇന്ത്യൻ വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കഴിവും അമേരിക്കൻ ക്ലാസ്‌റൂമുകൾക്ക് അവർ നൽകുന്ന സാംസ്‌കാരിക, ബൗദ്ധിക സംഭാവനകളും യു.എസ്. സർവ്വകലാശാലകളിൽ ഏറെ മതിപ്പുളവാക്കുന്നതാണെന്ന് ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ അഭിപ്രായപ്പെട്ടു. ''സാധ്യമായ എല്ലാ പഠനശാഖകളിലും കോഴ്സുകൾ നടത്തുന്ന നാലായിരത്തി അഞ്ഞൂറിലേറെ അംഗീകൃത സർവ്വകലാശാലകളും കോളേജുകളുമുണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ. ഈ അവസരങ്ങളെക്കുറിച്ച് കൂടുതലറിയാൻ എജ്യുക്കേഷൻ യു.എസ്.എ. സൗജന്യമായി സംഘടിപ്പിക്കുന്ന ഈ വിദ്യാഭാസ മേളകളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഞങ്ങൾ ക്ഷണിക്കുന്നു. നൂറിലേറെ യു.എസ്. ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളുമായി നേരിട്ട് സംവദിക്കാനും എന്തുകൊണ്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രഥമഗണനയിൽ എന്നുമുള്ളത് എന്ന് മനസിലാക്കാനും ഈ മേളകൾ വഴി നിങ്ങൾക്ക് സാധിക്കും,'' കോൺസുൽ ജനറൽ റേവിൻ കൂട്ടിച്ചേർത്തു.

''ലോകമെമ്പാടും അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ അവസരത്തിൽ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്നത് ഉറപ്പുവരുത്തുകയാണ് എജ്യുക്കേഷൻ യു.എസ്.എ. ഇന്ത്യ; അതിന്റെ ഭാഗമാണ് ഈ വെർച്വൽ മേളകളും. അമേരിക്കയിൽ പഠിക്കുന്നത് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഈ അവസരം ഉപയോഗിക്കാനായി ഞങ്ങൾ ക്ഷണിക്കുന്നു,'' യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്‌ഐ.ഇ.എഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ ആഡം ഗ്രോസ്‌കി പറഞ്ഞു.

എജ്യുക്കേഷൻ യു.എസ്.എ

യു.എസ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഔദ്യോഗിക സ്രോതസ്സായ എജ്യുക്കേഷൻ യു.എസ്.എ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സിന്റെ കീഴിൽ പ്രവർത്തിക്കുന്ന 425ൽപ്പരം അന്താരാഷ്ട്ര വിദ്യാർത്ഥി ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാണ്. അമേരിക്കയിലെ വിദ്യാഭാസത്തെക്കുറിച്ച് കൃത്യവും, സമഗ്രവും, ഏറ്റവും പുതിയതുമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാഭാസ മേളകളിലൂടെയും ഓൺലൈൻ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിൽ കൂടിയും എജ്യുക്കേഷൻ യു.എസ്.എ നൽകിവരുന്നു.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കൊത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലായുള്ള രാജ്യത്തെ എട്ട് എജ്യുക്കേഷൻ യു.എസ്.എ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്‌ഐ.ഇ.എഫ്.); ഇൻഡോ അമേരിക്കൻ എജ്യുക്കേഷൻ സൊസൈറ്റി, അഹമ്മദാബാദ്; യാഷ്ന ട്രസ്റ്റ്, ബെംഗളൂരു; വൈ-ആക്‌സിസ് ഫൗണ്ടേഷൻ, ഹൈദരാബാദ് എന്നീ വിവിധ സംഘടനകൾക്കാണ്.

കൂടുതൽ വിവരങ്ങൾക്ക് യു.എസ്‌ഐ.ഇ.എഫ്. റീജിയണൽ ഓഫീസർ മായാ സുന്ദരരാജനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 9840267202; ഇമെയിൽ: maya@usief.org.in