കൊൽക്കത്ത: കൊൽക്കത്തയിൽ നിന്നും ബിഹാറിലെ ഗയയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും മുപ്പത് ക്രൂഡ് ബോംബുകൾ കണ്ടെത്തി. ഇന്റലിജൻസ് ബ്യൂറോ അധികൃതരും ബംഗാൾ പൊലീസും ചേർന്ന് ബോംബുകൾ പിടിച്ചെടുക്കുകയും നിർവീര്യമാക്കുകയും ചെയ്തു.

സ്വകാര്യ ബസിനുള്ളിൽ പ്ലാസ്റ്റിക് ബാഗിലായാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ഝാർഖണ്ഡിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാവോയിസ്റ്റുകൾക്ക് വേണ്ടിയാണ് ബോംബുകളെന്നും സംശയിക്കപ്പെടുന്നു.

ചാക്കിനുള്ളിലുണ്ടായിരുന്ന കുറിപ്പിൽ ബോംബ് എത്തിക്കേണ്ടതായി കരുതുന്ന വ്യക്തിയുടെ പേരുവിവരങ്ങളും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലർ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണിൽ ബംഗാളിലെ ഖിദ്ദേപൂർ പ്രദേശത്ത് നിന്നും 50 ക്രൂഡ് ബോംബുകൾ കൊൽക്കത്ത പൊലീസ് പിടിച്ചെടുത്തിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ബിർഭും ജില്ലയിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് പതിനൊന്നുകാരന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.