വാക്സിന്റെ രണ്ടു ഡോസുകളുമെടുത്ത് ആറുമാസം കഴിഞ്ഞവരിൽ കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. വാക്സിന്റെ രണ്ടു ഡോസുകളുമെടുത്ത പത്തുലക്ഷത്തിലധികം പേരുടെ പി സി ആർ ഫലങ്ങൾ വിലയിരുത്തി കിങ്സ് കോളേജ് ലണ്ടനിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാൽ ഈ പഠന റിപ്പോർട്ടിന്റെ ആധികാരികതയെ വിദഗ്ദ്ധർ സംശയത്തോടെ കാണുന്നുണ്ട്.

വാക്‌സിൻ എടുക്കൽ മാത്രമാണ് രോഗ പ്രതിരോധത്തിന് ഉത്തമം എന്നും അവർ പറയുന്നു. മുൻഗണനാ ക്രമത്തിൽ ആദ്യമാദ്യം വാക്സിൻ എടുത്ത പലരിലും ഇപ്പോൾ 50 ശതമാനം മാത്രമാണ് പ്രതിരോധ ശേഷിയുള്ളത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം റിപ്പോർട്ടുകൾ വാക്‌സിൻ എടുക്കാൻ ആഗ്രഹിക്കുന്നവരെ പോലും അതിൽ നിന്ന് അകറ്റുമെന്ന ആശങ്ക ശക്തമാണ്. ഏതായാലും വാക്‌സിനുകൾ ഫലപ്രദമെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം ഇപ്പോഴും.

ഫൈസർ വാക്സിന്റെ രണ്ടു ഡോസുകളും എടുക്കുമ്പോൾ ഒരാൾക്ക് ലഭിക്കുന്നത് 88 ശതമാനം സംരക്ഷണമാണ് മൂന്നു മാസങ്ങൾ കൊണ്ട് അത് 74 ശതമാനമായി കുറഞ്ഞു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അസ്ട്രസെനെകയുടെ കാര്യത്തിൽ 77 ശതമാനത്തിൽ നിന്നും കാര്യക്ഷമത 67 ശതമാനമായി കുറയുകയും ചെയ്തു. അതായത്, രോഗവ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ രാജ്യം വീണ്ടും ഒന്നാം തരംഗകാലത്തിലേക്ക് തിരിച്ചുപോയേക്കാം എന്നർത്ഥം.

വാക്സിൻ രോഗം കഠിനമാകാതെ സംരക്ഷിക്കുന്നുണ്ട് എന്ന് ശാസ്ത്രജ്ഞന്മാർ പറയുമ്പോഴും, കാലക്രമത്തിൽ കുറഞ്ഞുവരുന്ന പ്രതിരോധശേഷി രോഗത്തിന്റെ കാഠിന്യത്തെ തടയുമോ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഒരു ഉത്തരം നൽകുന്നില്ല. അതുകൊണ്ടു തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നു.

ഉടൻ ബൂസ്റ്റർ ഡോസുകൾ എല്ലാവർക്കും നൽകിത്തുടങ്ങണമെന്ന ആവശ്യത്തിന് ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ശക്തി കൂടിയിരിക്കുകയാണ്. രോഗബാധക്ക് ഏറെ സാധ്യതയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് ബൂസ്റ്റർ ഡോസു നൽകുവാൻ ജോയിന്റ് കമ്മിറ്റി ഫോർ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ അടുത്തയാഴ്‌ച്ച അനുവാദം നൽകിയേക്കും എന്നറിയുന്നു. കാലക്രമത്തിൽ പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു എന്ന കണ്ടെത്തലിനൊപ്പം, രോഗം മൂർച്ഛിക്കാതെ സൂക്ഷിക്കുവാനുംവാക്സിന് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് ജെ സി വി ഐ തലവൻ പ്രൊഫസർ ഫിൻ പറയുന്നു.

ലോകത്തിലാദ്യമായികോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് കൊടുക്കാൻ ആരംഭിച്ചത് ഇസ്രയേലായിരുന്നു. 60 വയസ്സിനു മുകളിലുള്ളവർ പകുതിയിലേറെ പേർക്കും ഇസ്രയേലിൽ ബൂസ്റ്റർ ഡോസ് നൽകിക്കഴിഞ്ഞു. അത് തുടരുമ്പോൾ തന്നെ ഈ ആഴ്‌ച്ചമുതൽ 40 വയസ്സിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുവാൻ ആരംഭിക്കുകയാണ്, ഇതോടെ ബൂസ്റ്റർ ഡോസ് നൽകുവാൻ ബ്രിട്ടനു മേലും സമ്മർദ്ദം ഏറിവരികയാണ്.