- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
66,000പട്ടാളക്കാരുടെ ജീവൻ നഷ്ടമായത് ബൈഡൻ അറിഞ്ഞില്ലേ? അഫ്ഗാൻ പട്ടാളത്തിന്റെ പരാജയത്തെ പരിഹസിച്ച അമേരിക്കയോട് അഫ്ഗാൻ സേനാ തലവന്റെ കണ്ണീരിൽ കുതിർന്ന ചോദ്യം
ഒന്ന് പൊരുതാൻ പോലും നിൽക്കാതെ അഫ്ഗൻ സൈന്യം താലിബാന് മുന്നിൽ അടിയറവ് പറയുകയായിരുന്നു എന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്താവനക്കെതിരെ അഫ്ഗാൻ സൈനിക മേധാവി രംഗത്തെത്തി.
തികച്ചും അപമാനിക്കുന്നതും അതുപോലെ ആത്മാർത്ഥതയില്ലാത്തതുമാണ് ബൈഡന്റെ പ്രസ്താവന എന്നണ് അഫ്ഗാൻ സൈന്യത്തിലെ ത്രീ-സ്റ്റാർ ജനറൽ ആയ സാമി സാദത്ത് പ്രതികരിച്ചത്. മൈവാൻഡ് കോപ്സിന്റെ തലവനായിരുന്ന സാമി സാദത്ത് താലിബാനെതിരെ ധീരമായ പോർമുഖം കാഴ്‌ച്ചവെച്ച വ്യക്തിയാണ്.
15,000 അംഗങ്ങളുള്ള തന്റെ സൈന്യവുമായി തെക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ കനത്ത പോരാട്ടം നടത്തിയ സാമിയുടെ സംഘത്തിൽ നൂറുകണക്കിന് പട്ടാളക്കാർ വീരമൃത്യൂ വരിക്കുകയും ചെയ്തു. യുദ്ധത്തിൽ അഫ്ഗാൻ പരാജയപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ അതിനു പ്രധാന കാരണം അമേരിക്ക കൈയൊഴിഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി. ഇന്നലെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാൻ സൈന്യത്തിന് പല പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച സാമി സാദത്ത് പക്ഷെ തങ്ങളുടെ സഖ്യകക്ഷികൾ യുദ്ധം നിർത്തിയതിനാലാണ് തങ്ങൾക്കും അത് നിർത്തേണ്ടി വന്നത് എന്നും കൂട്ടിച്ചേർത്തു. എന്നിട്ടും ബൈഡനും മറ്റ് പാശ്ചാത്യ നേതാക്കളും അഫ്ഗാൻ സൈന്യത്തെ കുറ്റപ്പെടുത്തുന്നതിൽ അതിയായ വേദനയുണ്ടെന്നും അദ്ദേഹം എഴുതുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടത്തെ പോരാട്ടത്തിൽ അഫ്ഗാൻ സൈന്യത്തിന് നഷ്ടമായത് 66000 സൈനികരെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് രാജ്യം മൊത്തം കീഴടക്കിയതിനുശേഷം താലിബാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തത്. എന്നാൽ, അത് യുദ്ധം ചെയ്യാതെയുള്ള സൈന്യത്തിന്റെ കീഴടങ്ങലായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷക്കാലമായി തങ്ങൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സൈന്യത്തിന്റെ അഞ്ചിലൊന്നോളം ആളുകളുടെ ജീവൻ ബലികൊടുക്കുകയും ചെയ്തു. പൊരുതാൻ തയ്യാറാകാത്ത അഫ്ഗാൻ സൈന്യത്തിനുവേണ്ടി യുദ്ധം ചെയ്ത മരിക്കാൻ അമേരിക്കൻ സൈനികരെ വിട്ടുകൊടുക്കയില്ലെന്ന് പറഞ്ഞ ബൈഡന്റെ പ്രസ്താവന ഖേദകരമായി എന്നും അദ്ദേഹം പറയുന്നു.
സത്യത്തിൽ പരാജയത്തിനു കാരണം അഫ്ഗാൻ സൈന്യമല്ലെന്നും കാബൂളിലെയും വാഷിങ്ടണിലേയും രാഷ്ട്രീയ നേതൃത്വമാണെന്നും സാദത്ത് ചൂണ്ടിക്കാട്ടി. അഷറഫ് ഗാനിയുടെ അഴിമതി നിറഞ്ഞ ഭരണകൂടം അഫ്ഗാനെ ഇന്നത്തെ സ്ഥിതിയിലാക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നും സാദത്ത് പറയുന്നു. അതോടൊപ്പം ട്രംപ് ഭരണകൂടവുംബൈഡനും കുറ്റക്കാരാണ്. ദൊഹയിൽ വെച്ച് താലിബാനുമായി സമാധാന കരാർ ഉണ്ടാക്കിയ ട്രംപാണ് അഫ്ഗാന്റെ നാശത്തിന് തുടക്കം കുറിച്ചത്.
അഫ്ഗാനിൽ അമേരിക്കൻ താത്പര്യങ്ങൾ അവസാനിക്കുന്നു എന്ന് അന്ന് മനസ്സിലായെങ്കിലും അഫ്ഗാൻ സൈന്യം പോരാട്ടം തുടരുകയായിരുന്നു. ട്രംപിന്റെ വഴിയെ ബൈഡനും താലിബാനുമായുള്ള പോരാട്ടത്തിൽ നിന്നും പിന്മാറുകയായിരുന്നു. ജൂലായ് മാസത്തോടെ 17,000 കോൺട്രാക്ടർമാരാണ് അഫ്ഗാൻ വിട്ട് അമേരിക്കയിലേക്ക് തിരിച്ചുപോയത്. അതോടെ ബ്ലാക്ക് ഹോക്ക് ഹെലിക്പറ്ററുകൾ, സി-130 ചരക്ക് വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ ഏതാണ്ട് പ്രവർത്തന രഹിതമായി.
ഇവയിലുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ ആളില്ലാതായതായിരുന്നു കാരണം. മാത്രമല്ല, പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളും വെപ്പൺ സിസ്റ്റങ്ങളുമെല്ലാം കോൺട്രാക്ടർമാർ കൊണ്ടുപോയി. ഇതോടെ അഫ്ഗാൻ സൈന്യം തീർത്തും ദുർബലമാവുകയായിരുന്നു. മിസൈൽ ഡിഫൻസ് സിസ്റ്റം അവർ നീക്കം ചെയ്തു. വാഹനങ്ങൾ ട്രാക്ക് ചെയ്യുവാൻ ഉപയോഗിക്കുന്ന് സോഫ്റ്റ്‌വെയറിലെക്ക് ആക്സസ് നിഷേധിച്ചു. ഇതോടെ അമേരിക്കൻ മോഡലിൽ പടുത്തുയർത്തിയ ഒരു ആധുനിക സൈനികവ്യുഹം തീർത്തും പാഴായി മാറുകയായിരുന്നു. സാദത്ത് എഴുതുന്നു.
മറുനാടന് മലയാളി ബ്യൂറോ