- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ ബൈപ്പാസ് പൂർത്തീകരണം: ടെൻഡർ നടപടി ആരംഭിച്ചതായി മാണി സി കാപ്പൻ; ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു
പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ, മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. പാലാ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി പൂർത്തീകരിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചു പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ബൈപാസ് പൂർത്തീകരണം അവസാനഘട്ടത്തിലെത്തിച്ചു നടപടികൾ ആരംഭിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നു മാണി സി കാപ്പൻ പറഞ്ഞു.
മുടങ്ങിക്കിടന്നിരുന്ന റിവർവ്യൂറോഡ് ദീർഘിപ്പിക്കലിന്റെ കോൺക്രീറ്റിങ് ജോലികൾക്കു ഇന്ന് (26/08/2021) പുനരാരംഭിക്കും. നാലരക്കോടി രൂപയുടെ തീക്കോയി - അടുക്കം - മേലടുക്കം റോഡ്, 8 കോടിയുടെ കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡ് എന്നിവയുടെ നവീകരണത്തിന് തുടക്കമായതായും എം എൽ എ പറഞ്ഞു. 75 ലക്ഷത്തിന്റെ ഞൊണ്ടിമാക്കൽ പ്രവിത്താനം റോഡിന്റെ നവീകരണ നടപടികൾ ഉടൻ ആരംഭിക്കും.
3.5 കോടിയുടെ ഞെടിഞ്ഞാൽ പാലം പൂർത്തീകരിച്ചു. അപ്രോച്ച് റോഡിന്റെ പണികൾ അടുത്തയാഴ്ച ആരംഭിക്കും. മേലുകാവ് - ഇലവീഴാപൂഞ്ചിറ റോഡിന്റെ ജോലികൾ സെപ്റ്റംബർ 10 മുമ്പ് ആരംഭിക്കാനാവും.ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാമണ്ഡലത്തിലെ ഇന്ത്യാർ ഫാക്ടറി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ ബി സി ഓവർലേ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. എട്ടു കോയുടെ തീക്കോയി തലനാട് റോഡിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതിക്കായുള്ള നടപടികൾ ആരംഭിച്ചു. 95 ലക്ഷത്തിന്റെ കിഴപറയാർ ആശുപത്രി കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ചില്ലച്ചി പാലത്തിന്റെ സോയിൽ ടെസ്റ്റ് കഴിഞ്ഞു. തുടർ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. മീനച്ചിൽ പഞ്ചായത്തിലെ 75 ലക്ഷത്തിന്റെ പൊന്നൊഴുകുംതോട് പാലത്തിന്റെ പണികൾ ഉടൻ ആരംഭിക്കും. കുറ്റില്ലാം പാലം, കൊഴുവനാൽ പഞ്ചായത്തിലെ മാലോലുകടവ് പാലം, പൂവക്കുളം പാലം എന്നിവയുടെ സോയിൽ ടെസ്റ്റ് ഉടൻ നടക്കുമെന്നും മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ശ്രീലേഖ പി., അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്‌കുമാർ ടി കെ, എഞ്ചിനീയർമാരായ ഏലിയാമ്മ അലക്‌സ്, നവീന പി രഞ്ജിത, അനു എം ആർ തുടങ്ങിയവരും അവലോകന യോഗത്തിൽ പങ്കെടുത്തു.