പാംബീച്ച് കൗണ്ടി(ഫ്ളോറിഡാ): വാക്സിനേറ്റ് ചെയ്യാത്ത രോഗികളുടെ വർദ്ധനവിൽ പ്രതിഷേധിച്ചു പാം ബീച്ച് ഗാർഡൻസിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടർമാർ ജോലി ബഹിഷ്‌ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.

വാക്സിനേഷൻ സ്വീകരിക്കുന്നതിന് മറ്റുള്ളവർക്ക് ഒരു പ്രലോഭനമായി ഈ ബഹിഷ്‌ക്കരണം മാറുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുവാൻ തങ്ങൾക്കു കഴിയുന്നില്ല. അത്രയും രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. പാം ബീച്ച് ഇന്റേണൽ മെഡിസിൻ ഡോക്ടർ രൂപേഷ് ധാരിയ പറഞ്ഞു.

ഇതൊരു രാഷ്ട്രീയ നീക്കമല്ലെന്നും, മറ്റുള്ളവരുടെ സഹകരണം ലഭിക്കുക എന്നതും ഈ ബഹിഷ്‌ക്കരണത്തിലൂടെ തങ്ങൾ പ്രതീക്ഷിക്കുന്നു ഡോക്ടർ പറഞ്ഞു.

ഫൈസർ കോവിഡ് 19 വാക്സീന് എഫ്.ഡി.എ.യുടെ പൂർണ്ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ടെന്നും, ഇനിയും വാക്സീൻ സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. ഫ്ളോറിഡായിൽ കോവിഡ് 19-ഡൽറ്റാ വേരിയന്റിന്റെ വ്യാപനം വർദ്ധിച്ചു വരികയാണെന്നും, കഴിഞ്ഞ ഒരാഴ്ച ശരാശരി പ്രതിദിനം 21329 പുതിയ കേസ്സുകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 23 വരെയുള്ള കണക്കുകളെ ഉദ്ധരിച്ചു ആരോഗ്യവകുപ്പു അധികൃതർ അറിയിച്ചു. ഏഴു ദിവസത്തിനുള്ളിൽ 464 മരണവും സംഭവിച്ചിട്ടുണ്ട്.