കാബൂൾ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്‌ഫോടനം. രാജ്യം വിടാൻ ആയിരങ്ങൾ തടിച്ചുകൂടിയ ഇടത്താണ് സ്‌ഫോടനം. ആബേ ഗേറ്റിന് അടുത്തുണ്ടായ സ്‌ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ ചുരുങ്ങിയത് 13 പേർ കൊല്ലപ്പെട്ടതായി ഒരു താലിബാൻ സംഘാംഗം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചു.

നിരവധി താലിബാൻ പ്രവർത്തകർക്ക് പരിക്കേറ്റതായും വിവരമുണ്ട്. വിമാനത്താവളത്തിന് പുറത്ത് വൻസ്ഫോടനം നടന്നതായി യു.എസ്. സൈന്യം സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗൺ വക്താവ് ജോൺ കിർബി ട്വീറ്റും ചെയ്തിട്ടുണ്ട്. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് ആളുകൾ കൂട്ടംചേർന്നുനിന്നയിടമാണ് അബ്ബേ ഗേറ്റ്.

കാബൂൾ വിമാനത്താവളത്തിൽ നിന്നും ആളുകളെ അകറ്റാൻ നേരത്തെ യുഎസ് സൈനികർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 ന് ഒഴിപ്പിക്കൽ സമയപരിധി തീരാനിരിക്കെ, ഐഎസ് ഭീകരരുടെ ആക്രമണഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു ചാവേറാക്രമണമെന്ന് സൂചനയുണ്ട്.

എത്രപേർക്ക് ആളപായം സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും പെന്റഗൺ വക്താവ് ജോൺ കിർബി അറിയിച്ചു. ചാവേർ സ്ഫോടനമെന്നാണ് സൂചന. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. വിമാനത്താവളം ആക്രമിക്കാൻ പദ്ധതിയിടുന്നതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

പരിക്കേറ്റവരിൽ യുഎസ് സേനാംഗങ്ങൾ ഉള്ളതായായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൂന്നുസൈനികർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.ഇതുവരെ 90000 അഫ്ഗാൻ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 15നാണ് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.

താലിബാനെ അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ

അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തുവെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകർത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാനിസ്ഥാൻ പൗരന്മാരോടും റഷ്യൻ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാൻ പെരുമാറുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിൽ തീരുമാനമെടുക്കുകയെന്ന് പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

അഫ്ഗാനിസ്താനിൽ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനമെന്നും രാജ്യത്ത് ഉയരുന്ന വിഷയങ്ങൾ അമേരിക്കയുമായി തുടർന്നും ചർച്ച ചെയ്യുമെന്നും റഷ്യ വ്യക്തമാക്കി. റഷ്യൻ സൈന്യത്തെ അഫ്ഗാനിൽ വിന്യസിക്കാനും പദ്ധതിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അയൽരാജ്യമായ താജികിസ്ഥാനും താലിബാനെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങളുടെ സമാധാനവും സ്വസ്ഥമായ ജീവിതവുമായിരിക്കണം പ്രാധാന്യമർഹിക്കുന്നതെന്നും താജികിസ്ഥാൻ നിലപാട് വ്യക്തമാക്കിയിരുന്നു.