തിരുവനന്തപുരം: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി നിയമ വിദ്യാർത്ഥിനി തൽക്ഷണം മരിച്ചു. ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിലാണ് പെൺകുട്ടിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗർ വന്ദനം ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകൾ ലോ കോളജ് മൂന്നാം വർഷ വിദ്യാർത്ഥിനി അനൈന (21) യാണു മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ അനൈനയുടെ മരണം സംഭവിക്കുക ആയിരുന്നു.

അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളേയും കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. കാറിന്റെ പിൻസീറ്റിൽ വലതു ഭാഗത്തായിരുന്നു അനൈന. എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഇടിയുടെ ആഘാതത്തിൽ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16-ാം മൈൽ പൊയ്കയിൽ അഹമ്മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ഷംസീർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അനൈനയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സജീദ് നേരത്തേ വിദേശത്തായിരുന്നു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അംജിത്ത്.