കീവ്: സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ നടത്തിയ കൂട്ടക്കുരുതിയുടെ തെളിവുകൾ പുറത്ത്. സ്റ്റാലിന്റെ ഭരണകാലത്തു വധിക്കപ്പെട്ടവരുടേതെന്നു കരുതുന്ന ആയിരക്കണക്കിന് ആളുകളുടെ അസ്ഥികൂടങ്ങളാണ് ഉക്രൈനിൽ നിന്നും കണ്ടെടുത്തത്. യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഇവയെല്ലാം 1937-39 കാലത്തു കൊല്ലപ്പെട്ടെവരുടേതാണെന്നാണ് കരുതുന്നത്. 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്‌നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്. സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് മണ്ണു നീക്കിയപ്പോൾ അസ്ഥികൂടം കണ്ടെടുത്തത്.

ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കും. മുൻപും ഈ ഭാഗത്ത് അസ്ഥികൂടങ്ങൾ കണ്ടെടുത്തിരുന്നു. വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികളെന്നു കരുതുന്നത്. സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എൻകെവിഡി എന്ന രഹസ്യ പൊലീസ്.

1924 മുതൽ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിൻ, ഗുലാഗ് എന്നറിയപ്പെട്ട ലേബർ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ വലിയൊരു വിഭാഗം ഉക്രൈൻ വംശജരാണ്. 1932 33 ലെ വൻ ക്ഷാമകാലത്തു ദശലക്ഷക്കണക്കിനു യുക്രെയ്ൻകാർ മരിച്ചതും സ്റ്റാലിൻ നടത്തിയ വംശഹത്യയായാണ് കണക്കാക്കുന്നത്.