കൊല്ലം: കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി. നിർ്തതാതെ കരഞ്ഞ കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും അപൂർവ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പിൻ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീൻ സുലേഖ ദമ്പതികളുടെ മകൻ പത്തുമാസക്കാരനായ മുഹമ്മദ് ഇസ് ആണ് പിൻ വിഴുങ്ങിയത്. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ നടന്ന അപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്.

കളിക്കുന്നതിനിടെ കുഞ്ഞ് പിൻ വായിലിടുകയായിരുന്നു. നിർത്താതെ കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാർ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിൻ നീക്കം ചെയ്യാൻ സാധിച്ചില്ല. കുഞ്ഞിനു വായ അടയ്ക്കാൻ കഴിയാതെ കരയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന്, കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.

അനസ്‌തേഷ്യ നടത്തിയശേഷം ലാറിംഗോസ്‌കോപ്പിയിലൂടെ പിൻ പുറത്തെടുത്തു. പിന്നിന്റെ മുകൾ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാൻ കഴിയാതിരുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. ഇഎൻടിക്കു പുറമെ ക്രിട്ടിക്കൽ കെയർ, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.