- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തങ്ങളുടെ നിലനില്പ് കാവ്യപ്രയോഗത്തിലൂടെ അനുവാചക അംഗീകാരത്തിൽ മാത്രം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
ആലപ്പുഴ: വൃത്തങ്ങൾക്ക് കാവ്യപ്രയോഗത്തിലൂടെ അനുവാചകരുടെ അംഗീകാരം ലഭിച്ചാലല്ലാതെ നിലനില്പുണ്ടാവുകയില്ലെന്നും ഏതെങ്കിലും ഔദ്യോഗിക ഏജൻസികളുടെ അംഗീകാരം ഫലപ്രാപ്തിക്ക് ഉപകരിക്കില്ലെന്നും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ.
മലയാള ഭാഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്ന പ്രമുഖ എഴുത്തുകാരനും കവിയും നടനും ധാരാളം പൊതുതാത്പര്യ ഹർജികൾ സമർപ്പിച്ചിട്ടുള്ള ഹൈക്കോടതി അഭിഭാഷകനുമായ ജെ. വില്യം ജോൺ (ഗാണ്ഡീവൻ) തയാറാക്കിയിട്ടുള്ള വൃത്തങ്ങളും അവയുടെ ലക്ഷണങ്ങളും പരിശോധിച്ച് അംഗീകാരം നല്കാൻ കേരളത്തിലെ സർവകലാശാലകളിൽ ഒന്നിന് നിർദ്ദേശം നല്കണമെന്നഭ്യർഥിച്ച് ജേർണലിസ്റ്റും എഡിറ്ററുമായ തോമസ് മത്തായി കരിക്കംപള്ളിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കിയിരുന്നു. സാംസ്കാരികകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖേന നിവേദനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറിയതിനെത്തുടർന്നാണ് ഡയറക്ടറുടെ വിശദീകരണം.
ശ്രേഷ്ഠ ഭാഷാ പദവിയുള്ള മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ പ്രയോജനപ്പെടുമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിവേദനത്തിലെ ആവശ്യം പുതുതായി കണ്ടെത്തിയ വൃത്തങ്ങൾക്ക് അംഗീകാരം നല്കുന്നതിന് കേരളത്തിലെ ഏതെങ്കിലും സർവകലാശാലയെ ചുമതലപ്പെടുത്തണമെന്നതാണെന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്താൻ ആവശ്യപ്പെടുന്നില്ലെന്നും ഡയറക്ടർ വ്യക്തമാക്കി.
ഗാണ്ഡീവന്റെ ഏകാക്ഷരി തുടങ്ങി ഗാണ്ഡീവം വരെയുള്ള പതിമൂന്നു പുതിയ കവിതാ വൃത്തങ്ങൾ മലയാളത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നവയാണെന്നു കരുതുന്നു. പദ്യം വാർക്കുന്ന തോതിനാണ് വൃത്തം എന്നു പറയുന്നത്. ഭാഷാവൃത്തങ്ങളിൽ ഓരോ വരിയിലും വരുന്ന ലഘു, ഗുരു എന്നിവയുടെ എണ്ണം കണക്കാക്കിയാണ് വൃത്തം നിർണയിക്കുന്നത്.
ഒരക്ഷര വരികളുള്ളതു മുതൽ എഴുപതക്ഷര വരികളുള്ളവ വരെയുള്ള കവിതകളാണ് ഈ പുതിയ വൃത്തങ്ങൾ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ളത്. എന്നാൽ ബന്ധപ്പെട്ട ഭാഷാപഠന, വിദ്യാഭ്യാസ കേന്ദ്രങ്ങൾ അവയെ ഗവേഷണബുദ്ധ്യാ സമീപിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. മലയാളം പഠിപ്പിക്കുന്ന ഇന്ത്യയിലെ പതിനാല് സർവകലാശാലകൾക്ക് ഇതു സംബന്ധിച്ച വിവരം ഒരു വ്യാഴവട്ടം മുൻപു നല്കിയിട്ടും ആരും ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഇതുസംബന്ധിച്ചു വിശദമായി വിവരങ്ങൾ പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ മന്ത്രിസഭകളിലെ അംഗങ്ങൾക്ക് കൈമാറിയെങ്കിലും അപ്പോഴും മറുപടി ഒന്നും ലഭിച്ചില്ല.
എറണാകുളം പൈങ്ങോട്ടൂർ സ്വദേശിയായ ഗാണ്ഡീവന്റെ എഴുത്തിനെക്കുറിച്ചും പദ്യത്തിന്റെ രൂപഘടനയായ വൃത്തങ്ങളെക്കുറിച്ചും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനായിരക്കണക്കിനു മലയാള കവിതകളും ചെറുകഥകളും കൂടാതെ നോവലുകളും നാടകങ്ങളും ഗാണ്ഡീവൻ രചിച്ചിട്ടുണ്ട്. നിലവിലും എന്നും മലയാളത്തിലും ഇംഗ്ലീഷിലും എഴുതിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഇത്തരത്തിൽ മലയാള ഭാഷയെ അളവറ്റു സ്നേഹിക്കുന്ന പ്രതിഭയ്ക്ക് സംസ്ഥാന സർക്കാർ പ്രത്യേക പ്രോത്സാഹനം നല്കേണ്ടതുണ്ട്. ഇംഗ്ലീഷിൽ ബില്ലി ജായ്ക്ക്, ബില്ലി ഷോൺ തുടങ്ങിയ തൂലികാ നാമങ്ങളിലാണ് കൃതികൾ.
മലയാളം, ഇംഗ്ലീഷ് നോവൽ, ചെറുകഥ, കവിതാ എഴുത്തിൽ അസാമാന്യ കഴിവു പ്രകടിപ്പിക്കുന്ന ഗാണ്ഡീവന് ഒരേ ഗണത്തിൽപ്പെടുത്താവുന്ന 22222 മലയാള കവിതകൾ 2013 ഏപ്രിൽ 17-ന് എഴുതി പൂർത്തീയാക്കിയിരുന്നു. അന്നു തന്നെ അതു ലോക റിക്കാർഡാണ്. കൂടാതെ അപ്പോൾ തന്നെ 2500 മലയാളം കവിതകൾ വേറെയുമുണ്ട്. ആയിരക്കണക്കിനു ഇംഗ്ലീഷ് കവിതകൾ, കുറെ നോവലുകൾ, അനേകം ചെറുകഥകൾ. അവയുടെ എണ്ണം ഇപ്പോഴും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രചനകൾ പ്രസിദ്ധീകരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ഉചിതമായിരിക്കും. അത് കേരളത്തിനും മലയാള ഭാഷയ്ക്കും മുതൽക്കൂട്ടായി മാറും.
ഗാണ്ഡീവൻ തയാറാക്കിയിട്ടുള്ള മലയാളത്തിലെ പുതിയ പദ്യ രൂപഘടനാ വൃത്തങ്ങൾക്ക് അംഗീകാരം നല്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പട്ടുള്ള നിവേദനത്തിലെ വിഷയം ഒരു വ്യാഴവട്ടക്കാലമായി കേരള സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നു.
2009 ജനുവരി 1-14 ക്രോസ്റോഡ് ദ്വൈവാരികയിലാണ് ഗാണ്ഡീവന്റെ പുതിയ വൃത്തങ്ങളെക്കുറിച്ചും പതിനായിരക്കണക്കിനു കവിതകളെക്കുറിച്ചും വിശദമായ വിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. അടുത്ത ലക്കം മുതൽ പ്രത്യേക ഭാഷാതരംഗത്തിലൂടെ കടന്നു പോകുന്ന 'ഏത്തപ്പിള്ളിൽ ഏസ്തപ്പാനോസ്' എന്ന തലക്കെട്ടിലുള്ള വൻ സാമൂഹ്യ ആക്ഷേപഹാസ്യ നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങി.
2011 ജൂൺ 24-നു അന്നത്തെ മുഖ്യമന്ത്രിക്ക് വിശദമായ നിവേദനം നല്കിയിരുന്നു. അതിനു ശേഷം തന്നെ പത്തു വർഷമായി. ആവർത്തിച്ചു ഓർമ്മപ്പെടുത്തൽ കത്തുകൾ അയച്ചു. അടുത്ത മന്ത്രി സഭാകാലത്തും നിവേദനങ്ങൾ തുടർന്നു. അപ്പോഴേക്കും ആദ്യ നിവേദനത്തിന്റെ നില അറിയാൻ കഴിയാത്ത നിലയിലായി. ഇതിനിടയിൽ അക്കാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനേയും രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതാണ്.