ന്യൂഡൽഹി: ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ തന്നെ ആധാറിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 182 ദിവസം പ്രവാസികൾ കാത്തിരിക്കണം. ഇതിലാണ് ഇളവ് അനുവദിച്ചത്. ഇനിമുതൽ നാട്ടിലെത്തിയാൽ ഉടൻ തന്നെ ആധാറിനായി അപേക്ഷിക്കാം.

2020 മെയിൽ പ്രവാസികൾക്ക് ആധാർ എടുക്കുന്നതിനുള്ള നിബന്ധനയിൽ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ തന്നെ ആധാറിന് അപേക്ഷിക്കാൻ സാധിക്കുന്നവിധം വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്നാണ് മന്ത്രി നിർദേശിച്ചത്.

നാട്ടിലെത്തുന്ന പ്രവാസിക്ക് തൊട്ടടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്ററിൽ പോയി ആധാറിന് അപേക്ഷിക്കാം. ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് അപേക്ഷിക്കാം എന്നതാണ് ട്വീറ്റിലെ ഉള്ളടക്കം.