തിരുവനന്തപുരം: നാലാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവതിക്ക് ദാരുണ മരണം. മംഗലപുരം വാലികോണം ചീനിവിള തൊടിയിൽ വീട് കീർത്തന ഭവനിൽ അർച്ചനയാണ് (26) മരിച്ചത്. അർച്ചനയും ഭർത്താവും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു

ഭർത്താവ് രാഹുലിന് പരുക്കേറ്റു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഇന്നലെ പത്തരയോടെ അയിരൂപ്പാറ തേരുവിള ജംക്ഷനു സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ അർച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

പ്രസന്നകുമാർ വിജയമ്മ ദമ്പതികളുടെ മകളും ടെക്‌നോപാർക്കിൽ ഇൻഫോസിസിൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അർച്ചന. മകൻ റിഥുരാജ്. തോന്നയ്ക്കലിൽ ഓട്ടമൊബീൽ വർക്ഷോപ് നടത്തുകയാണ് രാഹുൽ.