സീരിയൽ താരങ്ങളായി തിളങ്ങുന്ന നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു. ചന്ദ്രാ ലക്ഷ്മൺ തന്നെയാണ് വിവാഹക്കാര്യം ആരാധകർക്കായി പങ്കുവെച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ചന്ദ്ര വിവാഹവിശേഷം പറഞ്ഞത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഒന്നിച്ചുള്ള യാത്ര തുടങ്ങുകയാണെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും ചന്ദ്ര കുറിച്ചു. ചേർത്തുപ്പിടിച്ച കൈകളുടെ ചിത്രവും കുറിപ്പിനൊപ്പമുണ്ട്.

''അതെ, എന്നാണ് ഞങ്ങൾ പറഞ്ഞത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ആഗ്രഹിക്കുന്നു. എന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർത്ഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം'' താരം കുറിച്ചു.

സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'സ്വന്തം സുജാത' എന്ന സീരിയലിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. സൂപ്പർ ഹിറ്റായ 'സ്വന്തം' എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രത്തിലൂടെയാണ് സാന്ദ്ര മലയാള പ്രേക്ഷകരുടെ പ്രിയതാരമായത്. പിന്നീട് ഏതാനും സിനിമകളിലും അഭിനയിച്ചു. തമിഴ് സീരിയലുകളിലും തിളങ്ങി.

കായംകുളം കൊച്ചുണ്ണി സീരിയലിലെ ഇത്തിക്കര പക്കിയെ അവതരിപ്പിച്ചാണ് ടോഷ് ക്രിസ്റ്റി പ്രശസ്തിയിലേക്ക് ഉയർന്നത്. തൃശൂർ സ്വദേശിയാണ്.