- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ കൊലപ്പെടുത്തിയ കേസ്; മകളും കാമുകനും അടക്കം മൂന്ന് പേർ കുറ്റക്കാർ: ശ്രീജമോൾ പിതാവിനെ കൊല്ലാൻ കൂട്ടു നിന്നത് കാമുകനുമൊത്ത് ജീവിക്കാൻ
മാവേലിക്കര: പിതാവിനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ 31ന് വിധിക്കും. ചാരുംമൂട് ചുനക്കര ലീലാലയം ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിൽ മൂത്ത മകളുമായ ശ്രീജമോൾ (36) അടക്കം മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുക ആയിരുന്നു.
കായംകുളം കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ് (37), സുഹൃത്ത് നൂറനാട് പഴനിയൂർകോണം രതീഷ് ഭവനം രതീഷ് (38) എന്നിവരും കുറ്റക്കാരാണെന്ന് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.എസ്.മോഹിത് കണ്ടെത്തുകയായിരുന്നു. 2013 ഫെബ്രുവരി 23ന് ആയിരുന്നു ശശിധരപ്പണിക്കരെ കൊലപ്പെടുത്തിയത്. കാമുകനായ റിയാസിനൊപ്പം ജീവിക്കാനാണ് മകൾ തന്നെ പിതാവിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത്.
റിയാസും ശ്രീജമോളും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും റിയാസ് ജോലി തേടി വിദേശത്തു പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോൾ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭർത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷവും മകൾ ആർഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കർ അത് എതിർത്തതോടെ വീട്ടിൽ വഴക്കു പതിവായി.
പിതാവ് ജീവിച്ചിരുന്നാൽ റിയാസിനൊപ്പം കഴിയാൻ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോൾ റിയാസുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അവധിക്ക് റിയാസ് നാട്ടിലെത്തിയതോടെ കൊലയ്ക്കുള്ള ആസൂത്രണവും തുടങ്ങി. റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19നു രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്തു കരിങ്ങാലിപ്പുഞ്ചയ്ക്കു സമീപം വിളിച്ചുവരുത്തി മദ്യത്തിൽ വിഷം കലർത്തി നൽകിയെങ്കിലും അദ്ദേഹം ഛർദിച്ചതോടെ മരിക്കില്ലെന്നു മനസ്സിലായി. ഇതോടെ റിയാസും രതീഷും ചേർന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേൽപ്പിച്ചശേഷം തോർത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
മരണത്തിൽ സംശയമില്ലെന്നു അടുത്ത ബന്ധുക്കളും മൊഴിനൽകിയ കേസിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിനു സഹായകമായത്. വ പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ ഹാജരായി.