- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ സൂത്രധാരനായ ഐഎസ് നേതാവ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക; തിരിച്ചടിച്ചെന്ന അവകാശവാദവുമായി ബൈഡൻ; ഡ്രോൺ ആക്രമണം നടത്തിയത് അഫ്ഗാന് പുറത്തു നിന്നും
വാഷിങ്ടൺ: കാബൂൾ ചാവേർ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോൺ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗർഹർ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂൾ ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളിയായ ഐഎസ് നേതാവായിരുന്നു.
പ്രാഥമിക സൂചനകൾ പ്രകാരം തങ്ങൾ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഡ്രോൺ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. 13 യുഎസ് സൈനികർ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേർ ആക്രമണം നടന്ന് 48 മണിക്കൂർ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി.
വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിനു ശേഷം അമേരിക്ക നടത്തുന്ന ആദ്യ തിരിച്ചടിയാണിത്. ആക്രമണം നടത്തിയവരെ പിന്തുടർന്നു പിടികൂടുമെന്നും ശിക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. 'ആക്രമണം നടപ്പിലാക്കിയവരും അമേരിക്കയെ ഉന്നമിടുന്നവരും അറിയുക. ഞങ്ങൾ ക്ഷമിക്കില്ല, മറക്കുകയുമില്ല. പിന്തുടർന്നു പിടികൂടും, ശിക്ഷിക്കും. ഐഎസ് ഭീകരർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെ ആക്രമണപദ്ധതി തയാറാക്കാൻ കമാൻഡർമാർക്കു നിർദ്ദേശം നൽകിക്കഴിഞ്ഞു. തക്കസമയത്തു ശക്തമായും കൃത്യമായും തിരിച്ചടിക്കും' - ബൈഡൻ പറഞ്ഞു.
വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 180 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു. ഇതിൽ 18 യുഎസ് സൈനികരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു.
2011 ഓഗസ്റ്റിനുശേഷം യുഎസ് സേനയ്ക്കുനേരെ അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ ആശുപത്രി വരാന്തയിലാണു മൃതദേഹങ്ങൾ കിടത്തിയത്. അതേസമയം, ഇരട്ട സ്‌ഫോടനം നടന്നിട്ടില്ലെന്നും വിമാനത്താവളത്തിന്റെ കവാടത്തിൽ ഒരു ചാവേർ സ്‌ഫോടനം മാത്രമാണ് ഉണ്ടായതെന്നും യുഎസ് അറിയിച്ചു. തൊട്ടടുത്ത ഹോട്ടലിലോ പരിസരത്തോ സ്‌ഫോടനം ഉണ്ടായിട്ടില്ല. ഐഎസ് പുറത്തുവിട്ടതും ഒരു ചാവേറിന്റെ പേര് മാത്രമാണ്.
താലിബാൻ അധികാരം പിടിച്ച ഓഗസ്റ്റ് 14നു ശേഷം അഫ്ഗാനിസ്ഥാനിൽനിന്ന് ആകെ 1,05,000 പേരെ ഒഴിപ്പിച്ചുവെന്ന് യുഎസ് അറിയിച്ചു. ജർമനി, സ്‌പെയിൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങി ഭൂരിപക്ഷം രാജ്യങ്ങളും ദൗത്യം പൂർത്തിയാക്കി.
മറുനാടന് മലയാളി ബ്യൂറോ