- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പി കുടിച്ചാൽ ആയുസ്സ് കൂട്ടാം; ദിവസം മൂന്നു കപ്പെങ്കിലും കുടിച്ചാൽ ഹാർട്ട് അട്ടാക്ക് ഒഴിവാക്കാം; കാപ്പിക്കെതിരെയുള്ള കഥകളെല്ലാം വ്യാജം; ഒരു പഠനറിപ്പോർട്ട്
കാപ്പി എന്നത് ഒരു പാനീയം മാത്രമല്ല, ഒരു ഭാഷകൂടിയാണെന്നാണ് ഹോലിവുഡ് താരം ജാക്കി ചാൻ പറഞ്ഞത്. മനസ്സിനകത്തെ വികാരങ്ങൾ പ്രിയപ്പെട്ടവരുമായി സംവേദിക്കാൻ ഇതിലും മെച്ചമായൊരു ഭാഷയില്ലെന്നും അദ്ദേഹം പറയുന്നു. കാൽപനികതയുടെ ലോകത്തെ അതിമനോഹരങ്ങളായ ഭാവനകൾ മാത്രമല്ല, ഇപ്പോൾ ശാസ്ത്രവും കാപ്പിയെ പിന്താങ്ങുന്നു. മിതമായ അളവിൽ സ്ഥിരമായി കാപ്പി കുടിച്ചാൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 17 ശതമാനം വരെ കുറയ്ക്കാമെന്നാണ് ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.
ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കാപ്പിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. മിതമായ അളവിൽ കാപ്പി കുടിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യതയും കാപ്പികുടിക്കാത്തവരിലേതിനേക്കാൾ 21 ശതമാനം കുറവാണെന്ന് ഇവർ കണ്ടെത്തി. ഹൃദ്രോഗം ഉണ്ടെന്ന് കണ്ടെത്താത്തവരിൽ, സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവവും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ നടത്തിയ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഇതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് കൂടിയായ ഡോ. ജൂഡിറ്റ് സൈമൺന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും എന്നുമാത്രമല്ല, അളവിൽ കൂടിയ കാപ്പിയുടെ ഉപഭോഗം ഏതെങ്കിലും വിധത്തിൽ ഹൃദ്രോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് കാപ്പിവരെ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
4,68,629 പ്രായപൂർത്തിയായവരുടെ കാപ്പി കുടിക്കുന്ന സ്വഭാവവും അവരുടെ ആരോഗ്യ സ്ഥിതിയും നീണ്ട 11 വർഷക്കാലം വിലയിരുത്തിയും താരതമ്യം ചെയ്തുമാണ്ഡോ. സൈമണും സഹപ്രവർത്തകരും ഗവേഷണം നടത്തിയത്. ഗവേഷണത്തിൽ പങ്കെടുത്ത മൊത്തം ആളുകളേയും മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചായിരുന്നു പഠനവിധേയമാക്കിയത്.
22 ശതമാനം ആളുകൾ സ്ഥിരമായി കാപ്പി കുടിക്കുന്ന സ്വഭാവം ഉള്ളവരായിരുന്നില്ല. 58.4 ശതമാനം പേർ ദിവസേന അരക്കപ്പ് മുതൽ 3 കപ്പ് വരെ കാപ്പി കുടിക്കുമ്പോൾ 19.5 ശതമാനം പേർ ദിവസവും 3 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവരായിരുന്നു. പഠനവിധേയരാക്കിയവരുടെ ശരാശരി പ്രായം 56.2 വയസ്സായിരുന്നു. മാത്രമല്ല, ഇതിൽ പങ്കെടുത്തവരിൽ ആർക്കും തന്നെ പഠനം ആരംഭിക്കുന്ന സമയത്ത് ഹൃദ്രോഗം സ്ഥിരീകരിച്ചിരുന്നുമില്ല.
പഠനത്തിന് കൂടുതൽ ആധികാരികത നൽകാനായി പഠനവിധേയരാക്കിയവരിൽ 30,650 പേരുടെ ഹൃദയത്തിന്റെ എം ആർ ഇ സ്‌കാൻ റിപ്പോർട്ടും ഇവർ പരിശോധിച്ചു. സ്ഥിരമായി കാപ്പികുടിക്കുന്നവരുടെ ഹൃദയം കാപ്പികുടിക്കുന്ന ശീലമില്ലാത്തവരുടെ ഹൃദയത്തേക്കാൾ ആരോഗ്യമുള്ളതും കൂടുതൽ പ്രവർത്തനക്ഷമവുമായി അനുഭവപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ