ഓസ്റ്റിൻ : ടെക്സസിൽ കോവിഡ് 19 വ്യാപനം രൂക്ഷമായതും ആശുപത്രികളിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ ലഭിക്കാത്തതുമായ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും 8100 നഴ്സുമാർ, റസ്പിറ്റോറി ടെക്നീഷ്യന്മാർ എന്നിവരെ അടിയന്തിരമായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഗവർണർ ഗ്രോഗ് ഏബട്ട് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപ് ആരംഭിച്ച നടപടിയിലൂടെ ഏകദേശം 2500 സ്റ്റാഫിനെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കുവാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.

ഓഗസ്റ്റ് 26 നു ലഭ്യമായ സ്ഥിതി വിവരകണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് ആകെയുള്ള ഇന്റൻസീവ് കെയർ ബെഡുകളിൽ പകുതിയിലധികം കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. രോഗികൾക്ക് അത്യാധുനിക ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനകം പൂർത്തീകരിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹൂമൺ സർവീസസ് വെളിപ്പെടുത്തി.

ടെക്സസിലെ ആകെയുള്ള ആശുപത്രി ബെഡ്ഡുകളിൽ നാലിലൊരു ഭാഗവും (52,000) കോവിഡ് രോഗികൾക്കായി മാറ്റിയിരിക്കുന്നതായും സിഎച്ച്എസ് അധികൃതർ പറഞ്ഞു. കോവിഡിനെതിരെയുള്ള ഫലപ്രദ ചികിത്സ മോണോ കൊളേനൽ ആൻഡ് ബോഡി ചികിത്സക്കുള്ള ഇൻഫ്യൂഷൻ സെന്ററുകളും ഈ മാസമാദ്യം പ്രവർത്തിച്ചു തുടങ്ങിയതായി ഗവർണറുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ ഏഴു ദിവസം ശരാശരിയായ 16970 പുതിയ കോവിഡ് കേസുകൾ ആഗസ്ററ് 25 ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.