തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി 10 മുതൽ രാവിലെ ആറുവരെ ആയിരിക്കും കർഫ്യൂ. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു. നേരത്തെ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേർന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോൾ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗദ്ധരേയും ചേർത്ത് ഒരു യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ധർ, ഡോക്ടർമാർ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സർക്കാർ നിലവിൽ സ്വീകരിച്ച നടപടികൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. സെപ്റ്റംബർ ഒന്നിനാണ് ആ യോഗം ചേരുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും. അവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകും. അനുബന്ധ രോഗമുള്ളവർ ആശുപത്രിയിൽ എത്തുന്നില്ലെങ്കിൽ രോഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പല കേസുകളിലും ഉണ്ട്.

ഇന്നത്തെ സ്ഥിതിയും സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ ആ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്റ്റംബർ ഒന്നിന് ഈ യോഗം ചേരും

തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്റ്റംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും. ഓരോ തദ്ദേശസ്ഥാപനത്തിന്റെ കയ്യിലും വാക്സിൻ നൽകിയതിന്റെ കണക്ക് വേണം എന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണം എന്നും നിർദ്ദേശം നൽകി.ഐ ടി ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഈ ഓഫീസർമാർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണൽ എസ്‌പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും.

വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിൻ എടുക്കാത്തവർ വളരെ അടിയന്തിരസാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നത്.

കോവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിൻ സ്വീകരിക്കുകയെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞേു.പ്രായധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും വേഗം വാക്‌സിൻ എടുക്കാൻ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷംപേരും വാക്‌സിൻ എടുക്കാത്തവരാണ്. വാക്‌സിൻ എടുത്തിട്ടും മരണപ്പെട്ടവർ രണ്ടോ അതിലധികമോ അനുബന്ധ രോഗമുള്ളവരായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സിൻ സ്വീകരിച്ച പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറവും രോഗപ്രതിരോധ ശേഷി കൂടുതലുമാണ്.

വാക്‌സിനെതിരായ അശാസ്ത്രിയവും വാസ്തവവിരുദ്ധവുമായ പ്രചരണങ്ങൾ തള്ളിക്കളയണം. പ്രായമായവരെയും അനുബന്ധ രോഗമുള്ളവരെയും വാക്‌സിൻ എടുക്കാൻ നിർബന്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.