ബെംഗളൂരു: 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി ബെംഗളൂരുവിൽ മുപ്പത്തിരണ്ടുകാരിയായ യുവതി അറസ്റ്റിൽ. ജർമനിയിൽ നിന്നു പോസ്റ്റൽ വഴിയെത്തിച്ച ലഹരി മരുന്നുമായാണ് യുവതി പിടിയിലായത്. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു കരുതുന്ന ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസറ്റ്.

ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ കൈപ്പറ്റാൻ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരത്തെ തുടർന്ന് യുവതിയെ എൻസിബി വളഞ്ഞത്. എൻജിനീയറിങ് ബിരുദധാരിയായ ഇവർ മൂന്ന് വർഷമായി ലഹരി ഇടപാടുകൾ നടത്തുന്നതായി എൻസിബി അറിയിച്ചു. ചോക്ലേറ്റുകൾ, സ്പോർട്സ് ഉപകരണങ്ങൾ, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയുൾപ്പെട്ട പാഴ്‌സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.

അതിനിടെ, മുംബൈയിൽ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് 4 മാസത്തോളം ഒളിവിലായിരുന്ന ടിവി നടൻ ഗൗരവ് ദീക്ഷിതിനെ എൻസിബി അറസ്റ്റ് ചെയ്തു. ബോളിവുഡ് നടൻ അർമാൻ കോലിയുടെ വസതിയിൽ എൻസിബി ഇന്നലെ റെയ്ഡ് നടത്തി.