ആലപ്പുഴ: ഗൗരിയമ്മയുടെ ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തു. ശനിയാഴ്ച രാവിലെ അന്ധകാരനഴിയിലായിരുന്നു ചടങ്ങുകൾ. ഒരുനിമിഷം കടൽ ക്ഷോഭമടക്കിയപ്പോൾ ഡോ. അരുൺ തലയിൽനിന്നു ഗൗരിയമ്മയുടെ ചിതാഭസ്മം കടലിൽ ലയിപ്പിച്ചു. സഹോദരി ഡോ. അഞ്ജന പൂജാദ്രവ്യങ്ങളും മറ്റും ചിതാഭസ്മത്തിനൊപ്പം ചേർത്തു. ഗൗരിയമ്മയുടെ സഹോദരിയുടെ മകളുടെ മക്കളാണ് അരുണും അഞ്ജനയും.

ബന്ധുക്കൾമാത്രം പങ്കെടുത്ത ചടങ്ങിൽ എ.എം. ആരിഫ് എംപി.യും എത്തിയിരുന്നു. ചേർത്തല അന്ധകാരനഴിക്കുസമീപം കളത്തിപ്പറമ്പിൽ വീട്ടിൽ രാവിലെ ഒൻപതരയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗൗരിയമ്മയുടെ എട്ടുസഹോദരിമാരുടെ മക്കളും മരുമക്കളും ബന്ധുക്കളും അരിയും പൂവുമിട്ടു ചിതാഭസ്മത്തിൽ അർച്ചന നടത്തി. തുടർന്ന് 10.30-നു ചിതാഭസ്മം കടലിൽ ചേർക്കാനായെടുത്തു. മഴ അകമ്പടിയായെത്തി. കടൽത്തീരത്തേക്കുള്ള എല്ലാവരുടെയും യാത്ര പിന്നെ കാറിലായിരുന്നു.

ഗൗരിയമ്മയുടെ അച്ഛൻ കളത്തിൽപ്പറമ്പിൽ രാമന്റെയും അമ്മ പാർവതിയുടെയും ചിതാഭസ്മമൊഴുക്കിയതും അന്ധകാരനഴിയിലെ കടലിലായിരുന്നു.