ഭോപ്പാൽ: കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം അതിക്രൂരമായി ആക്രമിച്ച യുവാവ് മരിച്ചു. ബനാഡാ സ്വദേശി കാൻഹ എന്ന കാൻഹിയ ബീൽ (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം നടന്നത്.

നാട്ടുകാർ ഇയാളെ കള്ളനെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു. ശേഷം ഇരുകാലുകളിലും കയറിട്ട് ബന്ധിച്ചശേഷം ഓടുന്ന ട്രക്കിൽ കെട്ടി കാൻഹയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഇതിനുശേഷം സംഘം പൊലീസിനെ വിളിച്ച് തങ്ങൾ കള്ളനെ പിടികൂടിയതായി അറിയിച്ചു. സംഭവസ്ഥലത്തെ എത്തിയ പൊലീസ്് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ടു. തുടർന്ന് സമീപത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും ഇവിടെനിന്ന് നീമുച്ചിലെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ചെരുപ്പിട്ട കാലുകൊണ്ട് സംഘം കാൻഹയുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തന്നെ വെറുതെ വിടണമെന്ന് കാൻഹ സംഘത്തിനോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.

'സംഭവത്തിൽ എട്ടുപേരാണ് പ്രതികൾ. ഇതിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു. ബാക്കിയുള്ളവരെ വൈകാതെ അറസ്റ്റു ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്'-നീമുച്ച് പൊലീസ് സൂപ്രണ്ട് സൂരജ് വർമ പറഞ്ഞു.