തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിലെ പോസ്റ്ററിൽ നിന്നും ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ ചരിത്ര കൗൺസിൽ നടപടി വർഗീയഭീകരതയും ജനദ്രോഹവും കോർപ്പറേറ്റ് ചങ്ങാത്തവും മുഖമുദ്രയാക്കിയ മോദി സർക്കാരിന്റെ തലതിരിഞ്ഞ ദുർനടപടികളുടെ തുടർച്ചയെന്ന് വി എം സുധീരൻ. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വി ഡി സവർക്കറെ ഉൾപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന്റെയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെയും ഉജ്ജ്വല പ്രതീകവുമായ ലോകാരാധ്യനായ നെഹ്‌റുവിനെ ഒഴിവാക്കുകയും ചെയ്തത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ ഈ ദുഷ്‌ചെയ്തി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതും പരിഹാസ്യമാക്കുന്നതുമാണെന്നും വി എം സുധീരൻ പറഞ്ഞു. സർവ്വ തലത്തിലും പരാജിതരാകുകയും പൊതുസമ്പത്ത് തന്നെ വിറ്റു തുലയ്ക്കുന്ന രാജ്യദ്രോഹനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന മോദി സർക്കാർ തങ്ങൾക്ക് നേരെ ഉയർന്ന പ്രതിഷേധത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നതെന്നും വി എം സുധീരൻ അദേദം കൂട്ടിച്ചേർത്തു.