- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപക ജോലിക്കൊപ്പം നാടകാഭിനയവുമായി മുന്നോട്ടു പോയ കലാകാരൻ; മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ്: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച ദേവൻ കക്കാടിന്റെ സംസ്ക്കാരം ഇന്ന്: ആദരാഞ്ജലികളുമായി കലാപ്രേമികൾ

പിറവം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ച നടനും ചാക്യാർക്കൂത്ത് കലാകാരനും റിട്ട. അദ്ധ്യാപകനുമായ ദേവൻ കക്കാടിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി കലാലോകം. കക്കാട് പനമറ്റത്ത് മന പി.എൻ.വാസുദേവൻ നമ്പൂതിരി (ദേവൻ കക്കാട്79) യുടേത് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു. കഴിഞ്ഞ 7ന് പാഴൂർ മുല്ലൂർപ്പടി ജംക്ഷനിൽ അദ്ദേഹത്തെ ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു 2ന്.
അദ്ധ്യാപക ജോലിയോടൊപ്പം പ്രഫഷനൽ നാടകസമിതികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. നാടകാഭിനയം അദ്ദേഹത്തിന് ജീവശ്വാസമായിരുന്നു. കോട്ടയം നാഷനൽ തിയറ്റേഴ്‌സിന്റെ 'അഹം' എന്ന നാടകത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. ചങ്ങനാശേരി ഗീഥ, കോട്ടയം ദേശാഭിമാനി തുടങ്ങിയ നാടകസമിതികൾക്കൊപ്പവും പ്രവർത്തിച്ചു.
കഥകളി, ഓട്ടൻതുള്ളൽ, നൃത്തം തുടങ്ങിയവയിലും പ്രാവീണ്യമുണ്ടായിരുന്നു. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം ചാക്യാർക്കൂത്ത് പഠനം പൂർത്തിയാക്കി. പവിത്രം, അഗ്‌നിസാക്ഷി, തീർത്ഥം, ഭർത്താവുദ്യോഗം എന്നീ സിനിമകളിലും ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടിവി പരമ്പരകളിലും വേഷമിട്ടു. പുരോഗമന കലാ സാഹിത്യസംഘം മേഖലാ പ്രസിഡന്റായിരുന്നു. ഭാര്യ: മാമലശേരി കല്ലൂർമന ആര്യാമണി അന്തർജനം. മക്കൾ:പ്രമോദ് (വിമുക്ത ഭടൻ, പുണെ), ശ്രീജ (ഖത്തർ). മരുമക്കൾ:ചെങ്ങന്നൂർ കൊറ്റൂർമഠം ധന്യ, പട്ടാഴി ആലപ്പുറത്ത് മന പ്രസാദ്.


