- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു തമിഴ്‌നാട്ടിലേക്കു കടന്നാൽ കേസ്; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
വാളയാർ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്കു പ്രവേശിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നു കോയമ്പത്തൂർ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇടവേളയ്ക്കു ശേഷം കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ചതോടെയാണിത്. 70 ശതമാനം പേർ മാത്രമാണ് അതിർത്തിയിൽ നിബന്ധനകൾ പാലിച്ച് എത്തുന്നതെന്നും അതിനാലാണ് ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയെന്നും കോയമ്പത്തൂർ ജില്ലാ കലക്ടർ ജി.എസ്. സമീരൻ അറിയിച്ചു.
തമിഴ്‌നാട്ടിലേക്കു പ്രവേശിക്കാൻ ടിഎൻ ഇ പാസിനൊപ്പം 2 ഡോസ് വാക്‌സീനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലമോ നിർബന്ധമാണ്. ആംബുലൻസ്, രോഗികളുമായി പോവുന്ന വാഹനങ്ങൾ, വിദ്യാഭ്യാസജോലി ഇന്റർവ്യൂ, മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ആവശ്യ സർവീസുകൾ, ചരക്കു വാഹനങ്ങൾ എന്നിവയ്ക്ക് ഇളവുണ്ട്.
അതേസമയം, ഓണാവധിക്കു ശേഷം നാട്ടിൽ നിന്നു മടങ്ങുന്നവരുടെ തിരക്ക് കൂടിയിട്ടുണ്ട്. ദിനംപ്രതി മൂവായിരത്തോളം പേരാണ് അതിർത്തി കടന്നു പോവുന്നത്. ഒരാഴ്ചയോളം തിരക്കുണ്ടാകുമെന്നാണു വിലയിരുത്തൽ. അതിനാൽ കൂടുതൽ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ടാസ്‌ക് ഫോഴ്‌സ് വൊളന്റിയർമാരെയും പരിശോധനയ്ക്കായി ചാവടി അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്.