- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകൃഷ്ണജയന്തി; 10,000 കേന്ദ്രങ്ങളിൽ ആഘോഷമൊരുക്കി ബാലഗോകുലം
കോട്ടയം: ശ്രീകൃഷ്ണജയന്തിദിനത്തിൽ 10,000 കേന്ദ്രങ്ങളിൽ ബാലഗോകുലം ആഘോഷമൊരുക്കും. 30-ന് രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകീട്ട് ശോഭയാത്ര എന്നിവയാണ് പ്രധാന പരിപാടികളെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്നകുമാർ, ജനറൽ സെക്രട്ടറി കെ.എൻ.സജികുമാർ എന്നിവർ അറിയിച്ചു. 'വിഷാദം വെടിയാം വിജയം വരിക്കാം' എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ ആഘോഷം.
പരിപാടികളിൽ നാലു ലക്ഷത്തിലധികം കുട്ടികൾ ശ്രീകൃഷ്ണവേഷം ധരിച്ച് പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ച് അയൽവീടുകളിലെ കുട്ടികൾ കൃഷ്ണ-ഗോപികാ വേഷങ്ങൾ ധരിച്ച് കുടുംബശോഭയാത്രയായി ഒരു വീട്ടുമുറ്റത്ത് അമ്പാടിമുറ്റമെന്ന സങ്കല്പത്തിൽ ഒത്തുചേരും. അവിടെ ഒരുക്കിയ കൃഷ്ണകുടീരത്തിനു മുന്നിൽ വൈകീട്ട് അഞ്ചുമുതൽ ആഘോഷം ആരംഭിക്കും.
വേഷപ്രദർശനം, ഗോപികാനൃത്തം, ഉറിയടി, ഭജന, ഗീതാപാരായണം, ജന്മാഷ്ടമിസന്ദേശം എന്നിവ നടക്കും. ആറുമണി മുതൽ നടക്കുന്ന സംസ്ഥാനതല സാംസ്‌കാരിക പരിപാടി കുട്ടികൾ ഒന്നിച്ചിരുന്ന് കാണും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ജഗ്ഗി വാസുദേവ്, ജസ്റ്റിസ് കെ.ടി.തോമസ്, ജോർജ് ഓണക്കൂർ തുടങ്ങിയവർ പങ്കെടുക്കും. മംഗളാരതി, പ്രസാദവിതരണം എന്നിവയോടെ ആഘോഷം സമാപിക്കും.