കൊച്ചി: കോവിഡ് വന്നതിന് ശേഷം ഒരു ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ പ്രതിരോധശേഷിയെന്ന് പഠനം. ക്ലിനിക്കൽ ഇമ്യൂണോളജിസ്റ്റായ ഡോ.പത്മനാഭ ഷേണായിയാണ് പഠനഫലം പുറത്തു വിട്ടത്.

കൊച്ചിയിലെ കെയർ ആശുപത്രിയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുൻപ് കോവിഡ് ബാധിച്ചവർക്ക് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചാലുണ്ടാകുന്ന പ്രതിരോധ ശേഷിയെ ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നാണ് വിളിക്കുന്നത്. വാക്സിനിലൂടെ ലഭിക്കുന്നതും രോഗം വന്ന് ഭേദമാകുന്നതോടെ ലഭിക്കുന്നതുമായ പ്രതിരോധ ശേഷിയേക്കാൾ കൂടുതൽ ഫലപ്രദമാണ് ഹൈബ്രിഡ് ഇമ്യൂണിറ്റിയെന്ന് ഡോ.ഷേണായി വിശദീകരിച്ചു.

രോഗം വരാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവരേക്കാളും രോഗബാധയിലൂടെ ആർജ്ജിത പ്രതിരോധം ലഭിച്ചവരേക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവർക്കുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. കോവിഡ് ബാധിച്ചവരോ വാക്സിൻ എടുത്തവരോ ആയ 1500 ഓട്ടോഇമ്യൂൺ റൂമാറ്റിക് രോഗികളിലാണ് പഠനം നടത്തിയത്. ഒറ്റ ഡോസ് വാക്സിനിലൂടെ തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. ഇത് കൂടുതൽ കാലം നീണ്ടു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ രോഗാണുക്കളോട് പൊരുതുന്ന ആന്റിബോഡികളുടെ സാന്നിധ്യം 20 ആണെങ്കിൽ രോഗം ബാധിച്ച് ആർജ്ജിത പ്രതിരോധമുണ്ടായവരിൽ ഇത് 87 ആണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ഇതിന്റെ അളവ് 322 ആയിരിക്കും. അതേസമയം രോഗം ബാധിച്ച ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ആന്റിബോഡി സാന്നിധ്യം 11144 ആയിരിക്കുമെന്നാണ് പഠനം തെളിയിച്ചത്.

അതുകൊണ്ടുതന്നെ ഇത്തരം ആളുകളിൽ രണ്ടാം ഡോസിന്റെ ആവശ്യമുണ്ടാകുന്നില്ല. മൂന്നു കോടിയോളം വാക്സിൻ ഡോസുകൾ ഇതിലൂടെ ലാഭിക്കാനാകുമെന്നും വാക്സിൻ ക്ഷാമം പരിഹരിക്കാൻ ഇത് വലിയൊരളവു വരെ സഹായകമാകുമെന്നും ഡോ.ഷേണായി വ്യക്തമാക്കി.