കാഞ്ഞങ്ങാട് : മഞ്ചാടിസഞ്ചിക്കുള്ളിലെ കണക്കിന്റെ രസച്ചെപ്പ് തുറന്ന് വിനയൻ മാഷ്. മാഷിനൊപ്പം കണക്കും പാട്ടും കളികളുമായി മേലാങ്കോട്ടെ കുട്ടിക്കൂട്ടം. വിക്ടേഴ്‌സ് ചാനൽ ഒന്നാം ക്ലാസിലൂടെ കുട്ടികളുടെ പ്രിയങ്കരനായി മാറിയ വിനയൻ പിലിക്കോടാണ് 'കണക്കു മാഷും കുട്ട്യോളും ' പരിപാടിയിലൂടെ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്‌കൂളിലെ കുട്ടികളുടെ മനം കവർന്നത്.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടിയാണ് വിദ്യാലയം വെബിനാർ സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. വിനീത എ. , ഷാഹിന. ടി, സജിന അത്തായി, ഷാക്കിറ . ടി.പി. എന്നിവർ നേതൃത്വം നൽകി. രണ്ടു വർഷമായി വിക്ടേഴ്‌സ് ചാനൽ ഓൺ ലൈൻ ക്ലാസുകളിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രിയങ്കരനാണ് വിനയൻ മാഷ്. പാട്ടിന്റെ താളത്തിൽ ദോശ ചുട്ടും, കൈകളടിച്ച് പാട്ടു പാടിയും കുട്ടികൾ ആവേശത്തിലായപ്പോൾ വീട്ടകങ്ങളിലും ഉത്സവാന്തരീക്ഷം.

മൃഗങ്ങളുടെ ശബ്ദങ്ങൾ കോർത്തിണക്കിയ തോട്ടപ്പാട്ടും, മന്ദാരക്കിളിയുടെ കഥയും കുട്ടികളുടെ കയ്യടി നേടി. കേരളത്തിലങ്ങോളമിങ്ങോളം എഴുന്നൂറ്റി അമ്പതോളം കുട്ടി ക്യാമ്പുകൾ നയിച്ചിട്ടുള്ള വിനയൻ മാഷിന്റെ ഇരുന്നൂറാമത് ഓൺലൈൻ കുട്ടിക്കൂട്ടായ്മയാണ് മേലാങ്കോട്ട് നടന്നത്. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി. സ്‌കൂളിലെ കുട്ടികളുടെ മാത്രം അദ്ധ്യാപകനായ വിനയൻ പിലിക്കോട് ഫസ്റ്റ് ബെൽ ക്ലാസിലൂടെയാണ് ലക്ഷക്കണക്കിന് കുട്ടികളുടെ കളി കൂട്ടുകാരനായി മാറിയത്. യുട്യൂബിൽ മാത്രം ഇദ്ദേഹത്തിന്റെ ഗണിത ക്ലാസുകൾ കണ്ട പ്രേക്ഷകരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു.