സാൻ ആഞ്ചലോ : ടെക്സസിലെ വിവിധ കേന്ദ്രങ്ങളിൽ മാസ്‌കിനെതിരെയും കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ് (30) ഒരു മാസത്തോളം കോവിഡിനോട് പടപൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാതെ കോവിഡിന് കീഴടങ്ങി

ശാന്തമായ മരണം വരിക്കുകയായിരുന്നുവെന്ന് കാലേബിന്റെ ഭാര്യ ശനിയാഴ്ച ഫേസ്‌ബുക്കിൽ കുറിച്ചു. മൂന്നു കുട്ടികളുടെ പിതാവും , നാലാമത്തെ കുട്ടിക്ക് ജന്മം നൽകാൻ ചില ദിവസങ്ങൾ കൂടി ശേഷിച്ചിരിക്കെയാണ് കാലേബിനെ മരണം പിടികൂടിയത് .

2020 ജൂലായ് നാലിനാണ് ആദ്യമായി സാൻ അഞ്ചലോയിൽ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങൾക്ക് എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് . സാൻ ആഞ്ചലോ ഫ്രീഡം ഡിഫൻഡേഴ്സ് എന്നൊരു സംഘടനക്കും കാലേബ് രൂപം നൽകി .

ജൂലായ് 26 നാണ് ഭർത്താവിന് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നും എന്നാൽ പരിശോധന നടത്തുന്നതിനോ ആശുപത്രിയിൽ പോകുന്നതിനോ അദ്ദേഹം തയ്യാറായില്ലെന്നും ഭാര്യ ജെസ്സിക്ക വാലസ് പറഞ്ഞു . പകരം വിറ്റാമിൻ സി , സിങ്ക് , ആസ്പിരിൻ തുടങ്ങിയ മരുന്നുകളാണ് കാലേബ് കഴിച്ചത് .

കന്നുകാലികൾക്ക് നൽകുന്ന ഈ മരുന്നുകൾ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതാണ് . ജൂലായ് 30 ന് കാലേബിനെ ആശുപത്രിയിലേക്ക് മാറ്റി . ഓഗസ്റ്റ് 8 മുതൽ അബോധാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിലായിരിക്കെ ഓഗസ്റ്റ് 26 ന് മരണപ്പെടുകയായിരുന്നു . ഭാര്യയെയും മക്കളെയും അതിരറ്റ് സ്നേഹിച്ചിരുന്നു കാലേബ് , ഭാര്യ ജെസ്സിക്ക പറഞ്ഞു