സാങ്കേതിക വിദ്യ അനുദിനം മുന്നോട്ട് കുതിക്കുമ്പോൾ അതിനനുസരിച്ചുള്ള് സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ഒരുക്കി വിപണി പിടിച്ചടക്കാൻ കുതിക്കുകയാണ് ആപ്പിൾ. 4ജി അല്ലെങ്കിൽ 5 ജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ റേഞ്ച് ഇല്ലാത്തപ്പോഴും സാറ്റലൈറ്റുമായി കണക്ട്‌ചെയ്ത് ഫോൺ വിളിക്കാനും ടെക്സ്റ്റ് മെസേജ് അയയ്ക്കാനും ഉള്ള പുത്തൻ സാങ്കേതിക വിദ്യയാണ് ഐ ഫോൺ 13-ൽ ഉള്ളത്. ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങളിൽ ചുറ്റുന്ന ഉപഗ്രഹങ്ങളുമായി സംവേദിക്കാൻ ക്ഷമതയുള്ള ക്വാൽകോമ്മ് ചിപ്പ് ഉപയോഗിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

ക്വാൽകോം എക്സ് 60 ബേസ്ബാൻഡ് ചിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിനായി ക്വാൽകോം ഇപ്പോൾ ഗ്ലോബൽ സ്റ്റാറുമായി കൈകോർക്കുകയാണ്. അതായത് എ ടി ആൻഡ് ട്, അല്ലെങ്കിൽ വെരിസോൺ പോലെ മൊബൈൽ ഫോൺ സേവനദാതാക്കൾ ഗ്ലോബൽസ്റ്റാറുമായി ചേർന്ന് പ്രവർത്തിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ഗ്ലോബൽസ്റ്റാറിന്റെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ ഗ്ലോബൽസ്റ്റാറിന് ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങളിൽ കറങ്ങുന്ന (ലോ എർത്ത് ഓർബിറ്റ്) 48 ഉപഗ്രഹങ്ങളാണ് ഉള്ളത്.

എന്നാൽ ഈ സൗകര്യം ലഭ്യമാകുക ഐ മെസേജിനും ഫേസ് ടൈമിനും മാതമാണോ അതല്ല, എല്ലാ തരം ആശയവിനിമയത്തിനും ഇത് ലഭ്യമാകുമോ എന്ന കാര്യം പക്ഷെ ഇപ്പോൾ വ്യക്തമല്ല. ഈ ആധുനിക സാങ്കേതിക വിദ്യയ്ക്ക് പുറമേ ഐഫോൺ 13 ആപ്പിളിന്റെ ഭാവി ഉദ്പന്നങ്ങളുടെ ഭാഗമാകുന്ന വിധത്തിൽ തികച്ചും ആധുനികമായ ഒന്നായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

ആധുനികതയുടെ പര്യായമായി പുതിയ ആപ്പിൾ വാച്ചും

ആപ്പിളിന്റെ വാച്ച് ശൃംഖലയിലെ ഏറ്റവും പുതിയ അവതാരമായ ആപ്പിൾ വാച്ച് സീരീസ് 7 ഇറങ്ങുന്നത് വലിയ ഡിസ്പ്ലേയും ഫ്ളാറ്റ് എഡ്ജ്ഡ് ഡിസൈനുമായിട്ടാണ്. കഴിഞ്ഞ തവണ ഉദ്പന്നം അപ്ഗ്രേഡ് ചെയ്തപ്പോൾ ബ്ലഡ് ഓക്സിജൻ സെൻസറിനായിരുന്നു പ്രാധാന്യം നൽകിയതെങ്കിൽ ഇത്തവണ പരന്ന ഡിസ്പ്ലേയ്ക്കും എഡ്ജുകള്ക്കും ആയിരിക്കും. അപ്ഡേറ്റ് ചെയ്ത ഇൻഫോഗ്രാഫ് മോഡുലാർ ഫേസും ഇതിന്റെ പ്രത്യേകതയായിരിക്കും.

എന്നാൽ, ഈ പുതിയ സീരീസിൽ ഹെൽത്ത് സെൻസർ ഉണ്ടാകില്ലെന്നറിയുന്നു. 41 മി. മീ 45 മി മീ എന്നീ രണ്ടു സൈസുകളീൽ ഇത് ലഭ്യമാകും. സീരീസ് 6 ന്റെ വലുപ്പം 40 ഉം 44 ഉം മി. മീ ആയിരുന്നു. ഐ ഫോൺ 13 ന് ഒപ്പം ഈ പുതിയ വാച്ചിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഈ മാസത്തെ കമ്പനി ഈവന്റിൽ ഉണ്ടാകുമെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നത്.