- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാനെ ഭയന്ന് പലായനം ചെയ്ത കുടുംബത്തിലെ കുട്ടികൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിൽ; രണ്ട് പേരുടെ നില അതീവ ഗുരുതരം: ലോകത്തെ ഏറ്റവും വിഷമുള്ള കൂൺ കഴിച്ച് അപകടാവസ്ഥയിലായത് ബ്രിട്ടന്റെ നിർദ്ദേശ പ്രകാരം പോളണ്ടിലെത്തിയ കുടുംബത്തിലെ സഹോദരങ്ങൾ
വാഴ്‌സ: അഫ്ഗാൻ കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ആശുപത്രിയിലായി. ഇവരിൽ ഇളയ രണ്ട് കുട്ടികളുടെ നില അതീവഗുരുതരമാണ്. താലിബാൻ അധികാരം പിടിച്ചതോടെ ബ്രിട്ടന്റെ നിർദ്ദേശ പ്രകാരം പോളണ്ടിലേക്കു പലായനം ചെയ്ത കുടുംബത്തിലെ മൂന്ന് കുട്ടികളാണ് അപകടാവസ്ഥയിലായത്.
ലോകത്തെ ഏറ്റവും വിഷമുള്ള കൂൺ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ പോളണ്ടിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചും ആറും വയസ്സുള്ള സഹോദരന്മാരിൽ ഇളയ കുട്ടി അബോധാവസ്ഥയിൽ മരണത്തിന്റെ വക്കിലാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാൻ ഇന്ന് പരിശോധന നടത്തും. മൂത്ത കുട്ടിയുടെ കരൾ അടിയന്തരമായി മാറ്റിവയ്ക്കും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്.
വാഴ്‌സയ്ക്കു സമീപം വനമേഖലയോടു ചേർന്ന അഭയാർഥി കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവർ കാട്ടിൽനിന്നു കൂൺ പറിച്ചുതിന്നുകയായിരുന്നു. ക്യാംപിൽ ഭക്ഷണം ലഭിക്കാത്തതിനാലാണ് കുട്ടികൾ കൂൺ തേടിപ്പോയതെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ക്യാംപിൽ 3 നേരം ഭക്ഷണം നൽകിയിരുന്നുവെന്ന് പോത്‌കോവാ ലെഷ്‌ന മേയർ പറഞ്ഞു.
ലോകത്തെ ഏറ്റവും വിഷമുള്ളതും 'മരണത്തിന്റെ തൊപ്പി' (ഡെത്ത് ക്യാപ്) എന്നു വിശേഷിപ്പിക്കുന്നതുമായ ഇനം കൂണാണ് ഇവർ കഴിച്ചതെന്നു കരുതുന്നു. ഭക്ഷ്യയോഗ്യമായ കൂണിനോടു സാദ്യശ്യമുള്ളതാണ് ഇവ. ബ്രിട്ടിഷ് കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിർദ്ദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ