മസക്റ്റ്: കോവിഡിന് ശേഷം ഒമാൻ സാധാരണ നിലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിൽ നാളെ മുതൽ പ്രവേശന വിലക്ക് നീങ്ങും. ഇന്ത്യ ഉൾപ്പടെയുള്ള മുഴുവൻ രാജ്യങ്ങളിൽ നിന്നും സെപ്റ്റംബർ ഒന്ന് ഉച്ചക്ക് 12 മുതൽ നേരിട്ടു പ്രവേശനം അനുവദിക്കും. മലയാളികൾ ഉൾപ്പടെ ആയിരങ്ങൾ വരും ദിവസങ്ങളിൽ മടങ്ങിയെത്തും.

സാധുവായ താമസ വീസ കൈവശമുള്ള പ്രവാസികൾക്കും പുതിയ വീസക്കാർക്കും നാളെ മുതൽ ഒമാനിൽ പ്രവേശിക്കാം. ഒമാനിൽ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സീന്റെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആർ കോഡുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ആസ്ട്രാസെനക/കൊവിഷീൽഡ്, മൊഡേണ, ഫൈസർ/ബയോടെക്, ജോൺസൻ ആൻഡ് ജോൺസൻ, ആസ്ട്രാസെനക/ഓക്സഫഡ്, സിനോഫാം, സിനോവാക്, സുപ്ടുനിക് എന്നിവയാണ് അംഗീകരിച്ച വാക്‌സിനുകൾ. ഈ വാക്‌സിൻ എടുത്തവർക്കെല്ലാം ഒമാനിലേക്ക് കടക്കാനാകും.

18 വയസ്സിന് താഴെയുള്ളവരും വാക്സിൻ സ്വീകരിക്കാൻ ആരോഗ്യപരമായി സ്ഥിരീകരിക്കപ്പെട്ട പ്രശ്നമുള്ളവരും വാക്സീൻ, പി സി ആർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞവർക്കും മടങ്ങിവരാനാകും. ഇതിനായി തൊഴിലുടമ അപേക്ഷ നൽകുകയും വീസ സ്റ്റാറ്റസ് പുതുക്കുകയും വേണം.

എല്ലാ യാത്രക്കാരും (ഒമ്പത് മണിക്കൂറിൽ കുറയാത്ത യാത്രാ ദൈർഘ്യം) 96 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണം. ഹ്രസ്വ ദൂര വിമാന യാത്രക്കാർ 72 മണിക്കൂറിൽ എടുത്ത പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ആണു ഹാജരാക്കേണ്ടത്. പിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

യാത്രക്ക് മുമ്പ് പിസിആർ ടെസ്റ്റ് എടുത്തിട്ടില്ലെങ്കിൽ ഒമാനിലെ വിമാനത്താവളത്തിൽ എത്തിയാൽ പി സി ആർ ടെസ്റ്റിന് വിധേയരാകണം. തുടർന്ന് തറസ്സുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും നെഗറ്റീവ് പിസിആർ ടെസ്റ്റ് ലഭിക്കുന്നത് വരെ ക്വാറന്റീനിൽ കഴിയുകയും വേണം. ഫലം പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസം ക്വാറന്റീനിൽ കഴിയണം.

യാത്രക്കാർ തറസ്സുദ് പ്ലസിൽ രജിസ്ട്രേഷൻ ചെയ്യുകയും ക്യുആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റും പിസിആർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുകയും വേണം. ഒമാനിലെ വിമാനത്താവളത്തിലെത്തിയിട്ടാണ് പിസിആർ ടെസ്റ്റ് നടത്തുന്നതെങ്കിൽ തറസ്സുദ് പ്ലസിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഇതിനുള്ള ഫീസ് അടയ്ക്കണം.

പുറത്തു പോകുന്നവർക്ക് വാക്‌സിനേഷൻ വേണ്ട

ഒമാനിൽ നിന്നു പുറത്തു പോകുന്ന യാത്രക്കാർക്കു വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു വാക്സിനേഷൻ നിർബന്ധമില്ലെന്ന് ഒമാൻ എയർപോർട്ട്സ് വിഭാഗം അറിയിച്ചു.

ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്ന എല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാണെന്നു തിങ്കളാഴ്ച ഒമാൻ എയർപോർട്ട്സ് അഥോറിറ്റി പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ, പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധന ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.