തൊടുപുഴ: ഫോൺ വിളിച്ചു വരുത്തിയ ശേഷം യുവാവിന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും 4000 രൂപയും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തോപ്രാംകുടി വാണിയപിള്ളിൽ ടിൻസന്റ ഭാര്യ മായാമോൾ (30) ആണ് ഇന്നലെ അറസ്റ്റിലായത്.

കേസിലെ മുഖ്യപ്രതിയായ ടിൻസനെ കാഞ്ചിയാർ ലബ്ബക്കടയിൽ നിന്ന് തിങ്കളാഴ്ച പിടികൂടിയിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ മറ്റു പ്രതികളെക്കുറിച്ച് അറിയാൻ കഴിയൂവെന്ന് എസ്‌ഐ ബൈജു പി.ബാബു പറഞ്ഞു.

കഴിഞ്ഞ മാസം 6നു മൈലക്കൊമ്പിലാണു സംഭവം. ശാന്തമ്പാറ സ്വദേശി യുവാവിനെ സ്ത്രീയെക്കൊണ്ടു ഫോണിൽ വിളിച്ച് മൈലക്കൊമ്പിൽ എത്തിച്ച ശേഷം ഒരു വീട്ടിൽ കയറ്റി 3 പേർ ചേർന്നു തടഞ്ഞുവച്ചു. 4 മണിക്കൂറിനു ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ വിളിച്ച മൊബൈൽ നമ്പർ മായാമോളുടെ പേരിലുള്ളതാണെന്ന് എസ്‌ഐ പറഞ്ഞു. ഇവരും യുവാവിനെ ഫോണിൽ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ടിൻസൻ വിവിധ സ്റ്റേഷനുകളിൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.