- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
25 പേജുള്ള ഒരു പുതിയ അദ്ധ്യായത്തോടെ ഫൈൻഡിങ് ഫ്രീഡത്തിന്റെ പുതിയ പതിപ്പിറങ്ങി; സെൽഫ് മാർക്കറ്റിംഗിലൂടെബ്രിട്ടീഷ് രാജകുടുംബത്തെ തകർക്കുന്ന ഹാരിയുടെ വിഢിത്തങ്ങൾ തുടരുമ്പോൾ രാജഭക്തർ കട്ടക്കലിപ്പിൽ
കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ഡയാനാ രാജകുമാരിയെ സ്നേഹിച്ചവർക്കും സ്നേഹിക്കുന്നവർക്കും നൊമ്പരമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 31. എന്നാൽ, ഈ വർഷത്തെ ഡയാനയുടെ ഓർമ്മ ദിവസം കടന്നുപോയത് ഒരു വിവാദത്തിന് തുടക്കമിട്ടുകൊണ്ടാണ്. അത് ആരംഭിച്ചത് ഡയാനയുടെ പ്രിയപ്പെട്ട പുത്രനാണ് എന്നത് തികച്ചും ഒരു വിരോധാഭാസമാകാം. ഏറെ വിവാദമുയർത്തിയ ഫൈൻഡിങ് ഫ്രീഡം എന്ന, ഹാരിയുടെയും മേഗന്റെയും ജീവചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്ത് പുനപ്രസിദ്ധീകരണം നടത്തിയത് ഇന്നലെയായിരുന്നു.
സത്യത്തിൽ പുസ്തകത്തിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഈ ദിവസം തെരഞ്ഞെടുത്തതിൽ ഹാരിക്കും മേഗനും പങ്കൊന്നുമില്ലെങ്കിലും, അവർക്കെതിരെയാണ് രോഷമുയരുന്നത്. 25 പേജോളം വരുന്ന ഒരു ഉത്തരാഖ്യാനമായാണ് പുതിയ അദ്ധ്യായം ഇതിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. പുസ്തകത്തിന്റെ അദ്യ പതിപ്പ് ഇറങ്ങിയതിനുശേഷം ഇരുവരെയും ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളാണ് ഈ അദ്ധ്യായത്തിൽ പരാമർശിക്കപ്പെടുന്നത്. തങ്ങളുടെ അനുവാദത്തോടെയല്ല ഈ പുസ്തകം രചിച്ചിരിക്കുന്നതെന്ന് ഹാരിയും മേഗനും പറയുമ്പോഴും, ഇതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കുന്നത് അവർ തന്നെയാണ്.
വിവാദ അഭിമുഖത്തിലും അതുപോലെ പോഡ്കാസ്റ്റിലുമൊക്കെ ഇരുവരും ഉയർത്തിക്കൊണ്ടുവന്ന ഇരവാദത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഈ പുസ്തകത്തിലെ വിവരണങ്ങൾ. ഇപ്പോൾ, കൊട്ടാരത്തിലെ വർണ്ണവിവേചനം തുറന്നു പറഞ്ഞതിന് ഹാരിക്ക് നേരിടേണ്ടിവന്ന കഷ്ടതകൾ കൂടി ചർച്ചയാക്കുന്നതോടെ ഇരവാദം പൂർണ്ണമാവുകയാണ്. വിവാദ അഭിമുഖത്തിനു ശേഷം ഹാരിയും കുടുംബവുമായുള്ള അകൽച്ച പരിഹരിക്കുവാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇപ്പോൾ പുസ്തകത്തിന്റെ പുതിയ പതിപ്പും എത്തിയിരിക്കുന്നത്. അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്ന ഇത് രാജകുടുംബത്തിന്റെ അഭ്യൂദയകാംക്ഷികളുടെ പരിശ്രമങ്ങൾക്ക് വേഗത കുറയ്ക്കുമെന്ന് ഉറപ്പാണ്.
അതേസമയം, രാജകുടുംബത്തിനെതിരെ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ വീണ്ടും വീണ്ടും ഉയരുന്നതിൽ രാജഭക്തർ കലിപ്പിലാണ്. ലോകത്തിനു മുന്നിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർക്കുകയാണ്ഇതെല്ലാം എന്നാണ് അവർ പറയുന്നത്. ഇതിനെല്ലാം വളം വെച്ചുകൊടുക്കുന്നത് അവർ ഏറെ സ്നേഹിക്കുന്ന രാജ്ഞിയുടെ കൊച്ചുമകൻ ആണെന്നുള്ളത് അവരെ വിഷമത്തിലാക്കുന്നുമുണ്ട്. സ്വന്തം കുടുംബത്തിന്റെ മുഖത്ത് ചെലിവാരിയെറിഞ്ഞുകൊണ്ട് പ്രതിച്ഛായ ഉയർത്താൻ ശ്രമിക്കുന്ന ഹാരിക്കും മേഗനുമെതിരെ ശാപവചനങ്ങൾ ഉതിർക്കുകയാണ് ലക്ഷക്കണക്കിന് ബ്രിട്ടീഷ് രാജകുടുംബാരാധകർ.